കട്ടപ്പന നഗരസഭയിലെ അംഗന്‍വാടികള്‍ ചേര്‍ന്ന് 'പോഷന്‍ മാ' എന്ന പേരില്‍ പോഷകാഹാര വാരാചരണം സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി അംഗന്‍വാടികള്‍ വഴി ലഭിക്കുന്ന പോഷക ഭക്ഷണവിഭവങ്ങളും പ്രകൃതിയില്‍ സുലഭമായി ലഭിക്കുന്ന ഇല വര്‍ഗ്ഗങ്ങളും ഉപയോഗിച്ചുള്ള 101 വിഭവങ്ങളുടെ ഭക്ഷ്യമേള സംഘടിപ്പിച്ചു. കട്ടപ്പന പ്രോജക്ട് ഐ.സി.ഡി.എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 48 അംഗന്‍വാടികള്‍ ചേര്‍ന്നാണ് പാറക്കടവ് അംഗന്‍വാടിയില്‍ വെച്ച് 'പോഷന്‍ മാ' ആചരിച്ചത്. പരിപാടിയുടെ ഭാഗമായി പാറക്കടവില്‍ നിന്നും അംഗന്‍വാടിയിലേക്ക് റാലി നടത്തി. അംഗന്‍വാടി വര്‍ക്കര്‍മാരുടെ ആരോഗ്യ ബോധവല്‍ക്കരണ കലാപരിപാടികളും നടന്നു.പരിപാടിയില്‍ കൗണ്‍സിലര്‍മാരായ തങ്കച്ചന്‍ പുരിയിടം, സിജു ചാക്കുമൂട്ടില്‍, മായാ ബിജു, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.