സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഉടുമ്പന്‍ചോല താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ കട്ടപ്പന ഹെഡ്‌പോസ്റ്റ് ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി
കട്ടപ്പന;സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഉടുമ്പന്‍ചോല താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ കട്ടപ്പന ഹെഡ്‌പോസ്റ്റ് ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി. കേരള ബാങ്ക് ഡയറക്ടര്‍ കെ വി ശശി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ കെ ആര്‍ സോദരന്‍ അധ്യക്ഷനായി. സഹകരണ ബാങ്ക് പ്രസിഡന്റുമാരായ വി എ കുഞ്ഞുമോന്‍, ജോയി ജോര്‍ജ് കുഴികുത്തിയാനി, കെ സി ബിജു, ജിന്‍സണ്‍ വര്‍ക്കി, ജോര്‍ജ്കുട്ടി, യൂണിയന്‍ അംഗങ്ങളായ സാജന്‍ മര്‍ക്കോസ്, പൈലി തുടങ്ങിയവര്‍ സംസാരിച്ചു.
രണ്ടര ലക്ഷം കോടിയോളം നിക്ഷേപമുള്ള സംസ്ഥാനത്തെ ജനസംഖ്യയിലധികം അംഗങ്ങളുള്ള സഹകരണ മേഖലയെ ഇല്ലാതാക്കാനാണ് കേന്ദ്ര നീക്കം. ഇതിനായി ഇഡി, ഇതര ഏജന്‍സികള്‍ എന്നിവയെ രാഷ്ട്രീയമായി ഉപയോഗിച്ച് റെയ്ഡുകള്‍ നടത്തുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കമാണിതെന്ന് വ്യക്തം. സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതിക്ക് സംസ്ഥാനത്തിന് അനുകൂലമായി നിലപാടാണ്. സഹകരണ സംഘങ്ങളിലെ അഴിമതി ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ മള്‍ട്ടി സ്റ്റേറ്റ് കോര്‍പ്പറേറ്റ് സൊസൈറ്റികള്‍ രൂപീകരിച്ച് സഹകരണ മേഖലയില്‍ കടന്നുകയറാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി റിസര്‍വ് ബാങ്കിനെയും ഉപയോഗിക്കുന്നു. സഹകരണ മേഖലയെ ഇല്ലാതാക്കാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ സഹകാരികള്‍ ഒന്നിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.