വണ്ടിപ്പെരിയാറിൽ മ്ലാവിനെ വെടിവെച്ച് കൊന്ന് ഇറച്ചി വിറ്റ കേസിൽ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു
എരുമേലി റേഞ്ചിൽ ഉൾപ്പെട്ട മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വണ്ടിപ്പെരിയാർ മഞ്ചുമല ഭാഗത്തുനിന്നും മ്ലാവിനെ വെടിവച്ച് ഇറച്ചി കടത്തുവാൻ ശ്രമിച്ച കേസിൽ വനം വകുപ്പിന്റെ പിടിയിലായ 4 പ്രതികളെയാണ് ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കോട്ടയം ഡി എഫ് ഒ, എൻ രാജേഷിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. എസ്റ്റേറ്റ് മേഖലകൾ കേന്ദ്രീകരിച്ച് വന്യമൃഗവേട്ട കൂടുതലായി നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഡി എഫ് ഒ പറഞ്ഞു.
മ്ലാവിനെ വെടിവച്ച് കൊന്ന് ഇറച്ചിയാക്കിയ സ്ഥലത്തുനിന്നും തെളിവുകൾ ലഭിച്ചതായും വനപാലക സംഘം അറിയിച്ചു. കൂടാതെ വണ്ടിപ്പെരിയാർ മൂങ്കലാർ പ്രദേശത്ത് ഇറങ്ങിയ പുലിയെ പിടികൂടുന്നതിന് വേണ്ട നടപടികൾ ഉടൻ ഉണ്ടാവുമെന്നും ഡി എഫ് ഒ അറിയിച്ചു.