ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത സംഭവത്തിൽ വനം വകുപ്പിനെ നിശിതമായി വിമർശിച്ച് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി
ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത സംഭവത്തിൽ വനം വകുപ്പിനെ നിശിതമായി വിമർശിച്ച് മനുഷ്യാവകാശ കമീഷനംഗം വി.കെ. ബീനാകുമാരി . സരുൺ സജിക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത്. കാട്ടിറച്ചി കടത്തിയെന്ന കള്ളക്കേസുണ്ടാക്കി ആദിവാസിയായ ഒരു യുവാവിനെ ജയിലിലടച്ചതിലൂടെ സ്വൈര്യമായി ജീവിക്കാനുള്ള പൗരാവകാശമാണ് ഹനിക്കപ്പെട്ടത്. സരുൺ സജിയുടെ പരാതി പരിശോധിച്ച ശേഷമാണ് കമ്മീഷൻ ഇങ്ങനെ പ്രതികരിച്ചത്. പല തവണ ആവർത്തിച്ചിട്ടും കേസിന്റെ ആവശ്യത്തിലേക്കുള്ള രേഖകളും , റിപ്പോർട്ടുകളും നൽകുന്നതിൽ വനം വകുപ്പ് മനപൂർവ്വമായ വീഴ്ച വരുത്തുകയാണ്. ഇതു സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോട് (അഡ്മിനിസ്ടേറ്റ് വിഭാഗം ) വിശദീകരണം തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കും.
ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്ന സരുൺ സജിയുടെ ആവശ്യം കമീഷന്റെ പരിധിയിൽ വരുന്നതല്ല. പോലീസെടുത്ത കേസിൽ 12 പ്രതികളും അറസ്റ്റിലായിട്ടുണ്ട്. അവശേഷിക്കുന്ന ഒരു പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടുണ്ട്.
കോടതിയിൽ നിന്നുള്ള അറിയിപ്പു കിട്ടിയാലുടൻ ഇയാളെയും അറസ്റ്റു ചെയ്യുമെന്നും പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും അടുത്ത സിറ്റിങ്ങിന് പരാതി വീണ്ടും പരിഗണിക്കുമെന്നും കമീഷൻ പറഞ്ഞു.