നെടുംകണ്ടം മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്റ് ചെയ്തു
നെടുംകണ്ടം ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി അജികുമാറിനെയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തത് .അജികുമാർ നെടുംകണ്ടം പഞ്ചായത്ത് സെക്രട്ടറി ആയിരിക്കെ നിരവധി ക്രമക്കേടുകൾ നടത്തിയതയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ 16. 56 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ട്. ആവശ്യമായ രേഖകൾ ഇല്ലാതെ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ 74 ലക്ഷം രൂപയും ചെലവഴിച്ചു. 2022-23 സാമ്പത്തിക വർഷത്തിലെയും 2023 ഏപ്രിൽ മുതൽ ജൂൺ വരെയുമുള്ള തനത് ഫണ്ട് വിനിയോഗത്തിലാണ് ക്രമക്കേടുകൾ നടന്നിട്ടുള്ളത്. മാലിന്യ സംസ്‌കരണ പ്ലാന്റ്, റോഡ്, തോട്, ചെക്ക് ഡാം എന്നിവിടങ്ങളില്‍ നിന്നും മണ്ണ്, മണല്‍, ചെളി എന്നിവ നീക്കം ചെയ്ത ഇനത്തില്‍ നല്‍കിയ വൗച്ചറുകളിലാണ് കൃത്രിമം നടന്നിരിയ്ക്കുന്നത് .
മണ്ണ്, മണല്‍ തുടങ്ങിയവ ലേലം ചെയ്ത തുക പഞ്ചായത്തിന്റെ അക്കൗണ്ടില്‍ ചേര്‍ത്തിട്ടില്ലെന്നും കണ്ടെത്തി. കമ്മറ്റി തീരുമാനവും ജി.എസ്.ടി ബില്ലും ഇല്ലാതെ സ്വകാര്യ സ്ഥാപനത്തിന് 65,000 രൂപ നല്‍കിയിട്ടുണ്ട്. മാലിന്യം നീക്കം ചെയ്ത തൊഴിലാളികള്‍ക്ക് ഒരേ കയ്യക്ഷരത്തില്‍ തയാറാക്കിയ വൗച്ചറുകള്‍ക്ക് പണം നല്‍കിയത് ക്രമക്കേടാണെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി.