നിപാ ഭീതിയിൽ കട്ടപ്പന 20 ഏക്കറും
നിപാ ഭീതിയിൽ കട്ടപ്പന 20 ഏക്കറും. ഇരുപതേക്കർ പോർസ്യുങ്കല ആശ്രമത്തിന് സമീപം അസീസി സ്നേഹാശ്രമത്തിന് എതിർ വശത്തായി തമ്പടിച്ചിരിക്കുന്ന വവ്വാൽ കൂട്ടങ്ങളാണ് ആശങ്ക പരത്തുന്നത്.അസീസി സ്നേഹാശ്രമത്തിന്റെ എതിർ വശത്താണ് വവ്വാലുകൾ താവളമുറപ്പിച്ചിരിക്കുന്നത്. സ്നേഹാശ്രമത്തിലെ അന്തേവാസികൾ വെള്ളമെടുക്കുന്ന കുളത്തിന് സമീപം വവ്വാൽ കൂട്ടങ്ങൾ ഉള്ളത്, പ്രദേശത്തെ കൂടുതൽ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. 300 അന്തേവാസികളാണ് ഇവിടെയുള്ളത്. ഇവരുടെ ജീവന് തന്നെ വവ്വാൽ ഭീഷണി ഉയർത്തുകയാണ്. കോഴിക്കോട് നിപാ സ്ഥിരീകരിച്ചതോടെയാണ് പ്രദേശം ഭീതിയിലായത്.
സമീപത്തെ പഴങ്ങളും കൃഷിയും വവ്വാൽ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. വവ്വാലിന്റെ കാഷ്ടം കൃഷി ഭൂമിയിൽ വീഴുന്നതിനാൽ കൃഷിയും നശിക്കുന്നു.ആയിരക്കണക്കിന് വവ്വാലാണ് മരങ്ങളിൽ തൂങ്ങിക്കിടക്കുന്നത്. വവ്വാലിന്റെ ശല്യം രൂക്ഷമായിട്ടും നഗരസഭാ അധികൃതരോ ആരോഗ്യ വകുപ്പധികൃതരോ സ്ഥലത്ത് എത്തിയില്ലന്നും ആരോപണമുണ്ട്. വവ്വാലിന്റെ ശല്യത്തിൽ നിന്നും നിപ ഭീഷണിയിൽ നിന്നും അടിയന്തിരമായി പ്രദേശത്തെ രക്ഷിക്കാൻ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.