ഉപ്പുതറ വലിയ പാലത്തിന്റെ തകർന്ന കൈവരികൾ നന്നാക്കാൻ നടപടിയില്ല.
ഉപ്പുതറ വലിയ പാലത്തിന്റെ തകർന്ന കൈവരികൾ നന്നാക്കാൻ നടപടിയില്ല. കൈവരി അറ്റകുറ്റപ്പണി നടത്തുന്നതിന് പണം അനുവധിച്ചെന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. ഭീതിയോടെയാണ് വിദ്യാർത്ഥികളടക്കം ഇതുവഴി കടന്നു പോകുന്നത്.മാസങ്ങൾക്കു മുമ്പ് വാഹനം ഇടിച്ചതിനെ തുടർന്നാണ് ഉപ്പുതറ വലിയ പാലത്തിന്റെ കൈവരികൾ തകർന്നത്. കൊച്ചി തേക്കടി സംസ്ഥാന പാതയിലെ പ്രധാന പാലം കൂടിയാണിത്. പാലത്തിന്റെ കൈവരി തകർന്നതോടെ ആശങ്കയോടെ വേണം ഇതുവഴി കടന്നു പോകാൻ. വലിയ വാഹനങ്ങൾ വരുമ്പോൾ ഫുട്പാത്തില്ലാത്ത പാലത്തിൽ ആകെയുള്ള സുരക്ഷാ മാര്‍ഗ്ഗമാണ് ഈ കൈവരികൾ.
അപകട സാധ്യത വർദ്ധിപ്പിച്ച് കൈവരി തകർന്നു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. എംഎൽഎ അടക്കം, തുക അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.പൊതുമരാമത്ത് പാലം വിഭാഗമാണ് പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തേണ്ടത്. എന്നാൽ നിരവധി തവണ പരാതി ഉന്നയിച്ചിട്ടും അധികൃതർ മുഖം തിരിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്നും ആക്ഷേപമുണ്ട്.
ഒരു അപകടം ഉണ്ടായതിനു ശേഷം നടപടി സ്വീകരിക്കാൻ കാത്തുനിൽക്കാതെ,അടിയന്തരമായി കൈവരികളുടെ അപകടാവസ്ഥ പരിഹരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.