വണ്ടിപ്പെരിയാർ കള്ളനോട്ട് കേസിലെ പ്രധാന പ്രതിയെ വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിൽ വാങ്ങി
വണ്ടിപ്പെരിയാർ ഡൈ മുക്കിൽ നിന്നും കള്ളനോട്ട് പിടികൂടിയ കേസിലെ പ്രധാന കണ്ണിയായ തമിഴ് നാട് വിരുകംപാക്കം ഗാന്ധിനഗർ സ്വദേശി സുബ്രമണ്യനെയാണ് തമിഴ്നാട് പോലീസിൽ നിന്നും തെളിവെടുപ്പിനായി വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കള്ളനോട്ട്കേസിൽ 7 പേരെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്ടിൽ നിന്നുമാണ് കള്ളനോട്ട് ലഭിച്ചതെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യകണ്ണി ക്കായുള്ള അന്വേഷണത്തിനിടയിലാണ് ചെന്നൈയിൽ 45 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് അടിക്കാനുപയോഗിക്കുന്ന മെഷീനുമടക്കം സുബ്രമണ്യനെ തമിഴ് നാട് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിടിയിലായ സുബ്രമണ്യൻ മുഖാന്തിരമാണ് വണ്ടിപ്പെരിയാറിൽ കള്ളനോട്ട് എത്തിച്ചതെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിലെ പ്രധാന കണ്ണിയായ സുബ്രമണ്യനെ തമിഴ്നാട് പോലീസിന്റെ പക്കൽ നിന്നും വണ്ടിപ്പെരിയാർ പോലീസ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്. തമിഴ് നാട് പോലീസിന്റെ സാന്നിധ്യത്തിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ വണ്ടിപ്പെരിയാറിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇയാൾ തന്നെയാണ് വണ്ടിപെരിയാറിൽ അറസ്റ്റിലായവർക്ക് കള്ളനോട്ട് കൈമാറിയതെന്ന് സ്ഥിരീകരിച്ചു.പ്രതിയെ തമിഴ് നാട് പോലീസിനൊപ്പം വിട്ടയച്ചു. ഇതോടെ പ്രധാന കണ്ണിയടക്കം 8 പേരെയാണ് കള്ളനോട്ട് കേസിൽ അറസ്റ്റ് ചെയ്തത്.