കാഞ്ചിയാർ കക്കാട്ടുകടയിലെ പ്രവർത്തനം നിലച്ച ഹിൽപോ പ്ലാസ്റ്റിക് ഇൻഡ്രസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ശാപമോക്ഷം തേടുന്നു
എസ്.സി വിഭാഗക്കാർക്ക് തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മൂന്നുപതിറ്റാണ്ട് മുൻപ് ആരംഭിച്ച ശേഷം പ്രവർത്തനം നിലച്ച കാഞ്ചിയാർ കക്കാട്ടുകടയിലെ ഹിൽപോ പ്ലാസ്റ്റിക് ഇൻഡ്രസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ശാപമോക്ഷം തേടുന്നു.പുതുക്കാട് അംബേദ്കർ ഗ്രാമത്തിന്റെ ഭാഗമായി 1992ൽ ആരംഭിച്ച സൊസൈറ്റിയുടെ കെട്ടിടവും യന്ത്രസാമഗ്രികളുമാണ് വെറുതെ കിടന്നു നശിക്കുന്നത്.
ഏതാനും നാൾ മാത്രം പ്രവർത്തിച്ച്, യൂണിറ്റ് വൈകാതെ പൂട്ടിയിട്ടതോടെ ആരും തിരിഞ്ഞുനോക്കാതെ കിടക്കുകയാണ്. കെട്ടിടത്തിന്റെ പ്രധാന ഷട്ടറിന്റെ താഴ്ഭാഗം കാലപ്പഴക്കത്താൽ തുരുമ്പെടുത്ത് നശിച്ചു. ജനലുകളെല്ലാം നശിച്ച നിലയിലാണ്. 2018ലെ മഴക്കാലത്ത് ഷട്ടറിന് അടിയിലൂടെ കെട്ടിടത്തിനുള്ളിലേയ്ക്ക് വെള്ളം കയറിയിരുന്നു. മുറിയിൽ വെള്ളം നിറഞ്ഞതോടെ മേശ, യന്ത്രങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം കേടുപാടുകൾ സംഭവിച്ചു.കെട്ടിടത്തിന്റെ ബലക്ഷയവും നാട്ടുകാരിൽ ആശങ്ക സൃഷ്ടിക്കുന്നു.മലയോര ഹൈവേയുടെ നിർമാണം നടക്കുന്നതിനാൽ കെട്ടിടത്തിനോടു ചേർന്നാണ് നിലവിൽ സംരക്ഷണഭിത്തി നിർമിച്ചിരിക്കുന്നത്. കെട്ടിടത്തിനു ചുറ്റം കാടുകയറിയതിനാൽ ഇഴ ജന്തുക്കളുടെ ശല്യവുമുണ്ട്
6 സെന്റ് സ്ഥലം സ്വന്തമായി വാങ്ങി കെട്ടിടം നിർമിച്ചാണ് കക്കാട്ടുകടയിൽ ഹിൽപോ പ്രവർത്തനം ആരംഭിച്ചത്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് സ്ഥാപനം തുറന്നത്. ചെറിയ കുപ്പി മുതൽ 1 കിലോഗ്രാം വസ്തുക്കൾ ഉൾക്കൊള്ളുന്ന തരത്തിലുള്ള കുപ്പികൾ വരെയാണ് ഇവിടെ നിർമിച്ചത്. അംബേദ്കർ ഗ്രാമത്തിൽ നിന്നുള്ള 20 പേരോളം അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചായിരുന്നു സൊസൈറ്റി തുടങ്ങിയത്. ഏതാനും ആഴ്ചകൾ പ്രവർത്തിച്ച യൂണിറ്റ് പിന്നീട് നിശ്ചലമായി. അസംസ്‌കൃത വസ്തുക്കൾ ലഭിക്കാതെ നിർമാണം നിലച്ചതും തൊഴിലാളികൾക്ക് കൂലി ലഭിക്കാതെ വന്നതുമാണത്രേ പ്രവർത്തനം നിലയ്ക്കാൻ കാരണം. പിന്നീട് കമ്മിറ്റി അംഗങ്ങൾ പലവഴിക്ക് തിരിഞ്ഞതോടെ കെട്ടിടം അനാഥമായി. വെറുതെ കിടന്ന് നശിക്കുന്ന കെട്ടിടവും ഉപകരണങ്ങളും ഉപയോഗപ്രദമാക്കാൻ നടപടി വേണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.