കമ്പ്യൂട്ടർ ഡേറ്റാ എൻട്രി എൻടി ഓപ്പറേറ്ററുടെ കൈപ്പിഴ: അയ്യപ്പൻ കോവിൽ പഞ്ചായത്തിന് നഷ്ടമായത് നാലു പദ്ധതികളുടെ 18.5 ലക്ഷം രൂപയുടെ കേന്ദ്രാവിഷ്കൃത ഫണ്ട്
അയ്യപ്പൻ കോവിൽ പഞ്ചായത്തിൽ നാലു പദ്ധതികളുടെ 18.5 ലക്ഷം രൂപയുടെ കേന്ദ്രാവിഷ്കൃത ഫണ്ട് നഷ്ടമായി.കമ്പ്യൂട്ടർ ഡേറ്റാ എൻട്രി എൻടി ഓപ്പറേറ്ററുടെ കൈപ്പിഴ മൂലമാണ് ഫണ്ട് നഷ്ടപ്പെട്ടത്. ജീവനക്കാരിയുടെ കൈപ്പിഴവിൽ കമ്പ്യൂട്ടറിൽ നിന്നും ഫണ്ട് ഡിലീറ്റ് ചെയ്തതാണ് പ്രശ്നമായത്. 12-ാം വാർഡിലെ ശിശുവിഹാറിന് അഞ്ചു ലക്ഷം, കുഴൽ കിണറിന് മൂന്നു ലക്ഷം, 6-ാം വാർഡിലെ കുഴൽ കിണറിന് നാലു ലക്ഷം അഞ്ചാം വാർഡിലെ കുഴൽ കിണറിന് 2.5 ലക്ഷം നാലാം വാർഡിലെ കുഴൽ കിണറിന് 4 ലക്ഷം എന്നിങ്ങനെ അനുവദിച്ച 18.5 ലക്ഷം രൂപയാണ് നഷ്ടമായത്. 2022 - 23 വാർഷിക പദ്ധതിയിൽ അനുവദിച്ച ഫണ്ട് ടെൻഡർ ചെയ്തെങ്കിലും കഴിഞ്ഞ മാർച്ചിനു മുൻപ് പണി ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് പഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരത്തോടെ സ്പിൽ ഓവറിലേക്ക് മാറ്റാൻ എ.ഇ, ഡേറ്റാ എൻട്രി ഓപ്പറേറ്ററോട് ആവശ്യപ്പെട്ടു. കമ്പ്യൂട്ടറിൽ എൻട്രി ചെയ്യുന്നതിനിടെ പദ്ധതിയുടെ വിശദാംശങ്ങളും ഫണ്ടും ഡിലീറ്റായി പോകുകയായിരുന്നു. നാലാം വാർഡിലെ നാലു ലക്ഷം രൂപയുടെ കുഴൽ കിണർ നിർമിച്ച കരാറുകാരൻ ബില്ലു മാറാൻ എത്തിയപ്പോഴാണ് പദ്ധതിയുടെ വിശദാംശങ്ങളും , ഫണ്ടും ഡിലീറ്റായി പോയ വിവരം അധികൃതർ അറിയുന്നത്. മറ്റു പദ്ധതികൾ ടെൻഡർ ചെയ്ത് കരാറുകാരുമായി ഉടമ്പടി വയ്ക്കുകയും ചെയ്തിട്ടുണ്ട്. വിവരമറിഞ്ഞതോടെ കമ്പ്യൂട്ടർ ഓപ്പറേറ്റർക്ക് മെമ്മോ നൽകാൻ പഞ്ചായത്തു കമ്മറ്റി തീരുമാനിച്ചു. എന്നാൽ രേഖാമൂലമുള്ള പരാതി ഇല്ലാത്തതിനാൽ തൽക്കാലം തീരുമാനം മരവിപ്പിച്ചു.
രാഷ്ട്രീയ സമ്മർദ്ദമാണ് തീരുമാനം മാറ്റാൻ കാരണമെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ അടുത്ത ബന്ധുവാണ് ഡേറ്റാ എൻട്രി ഓപ്പറേറ്റർ . എൻട്രികൾ ഡിലീറ്റായതിനാൽ പദ്ധതിക്ക് അംഗീകാരം നൽകിയ ഏജൻസി ഫണ്ട് അനുവദിക്കില്ല. ചെയ്ത പണിയുടെ പണം കരാറുകാരന് എങ്ങനെ നൽകുമെന്ന കാര്യത്തിലും , ബാക്കി പദ്ധതികൾ എങ്ങനെ നടപ്പാക്കും എന്ന കാര്യത്തിലും പഞ്ചായത്തു ഭരണ സമിതി വിഷമിക്കുകയാണ്.ഫണ്ട് തിരികെ ലഭിക്കാനുള്ള മാർഗം പരിശോധിച്ചു വരികയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോൺസൺ പറഞ്ഞു.
അതിനിടെ 18.5 ലക്ഷം രൂപ നഷ്ടമാക്കിയ താൽക്കാലിക ജീവനക്കാരിയെ പിരിച്ചു വിടണമെന്ന ആവശ്യത്തിലും രാഷ്ടീയ സമ്മർദ്ദം മൂലം നടപടിയെടുക്കാൽ ഭരണ സമിതിക്കു കഴിയുന്നില്ല. തൊഴിലുറപ്പ് പദ്ധതിയിലെ ലക്ഷങ്ങളുടെ അഴിമതി സംബന്ധിച്ച ആരോപണം നിലനിൽക്കുമ്പോഴാണ് പുതിയ വിവാദവും ഉണ്ടായിരിക്കുന്നത്.