വണ്ടിപ്പെരിയാറിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു
വണ്ടിപ്പെരിയാർ അരണക്കൽ ഹില്ലാശിയിൽ കടുവയുടെ ആക്രമണത്തിൽ വളർത്തുപശുവിനെ ചത്ത നിലയിൽ കണ്ടെത്തി. ഹില്ലാശി നിവാസിയായ ജയപാൽ എന്നയാളുടെ പശുവിനെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച മേയുന്നതിനായി അഴിച്ചു വിട്ട പശുവിനെ കാണാതായതോടെ ശനിയാഴ്ച്ച പശുവിനായി തിരച്ചിൽ നടത്തിയിരുന്നു.തുടർന്ന് പശുവിനെ വന്യജീവിയുടെ ആക്രമണത്തിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് ഇവർ എത്തി നടത്തിയ പരിശോധനയിൽ കടുവയുടെ ആക്രമണത്തിലാണ് പ ശു ചത്തതെന്ന് സ്ഥിരീകരിച്ചു.
തൻ്റെ നാലാമത്തെ പശുവാണ് കടുവയുടെ ആക്രമണത്തിൽ ചത്തതെന്ന് ജയപാൽ പറഞ്ഞു.വനപാലകരുടെ നേതൃത്വത്തിൽ പ്രദേശത്ത് നടത്തിയ അന്വേഷണത്തിൽ വണ്ടിപ്പെരിയാർ 56 ആം മൈലിൽ കണ്ടെത്തിയ കടുവയുടെ കാൽപാടിന് സമാനമായ കാൽപാടുകൾ ഇവിടെനിന്നും കണ്ടെത്തിയിട്ടുമുണ്ട്. എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളി കുടുംബങ്ങളാണ് പ്രദേശത്ത് താമസക്കാരായവരിൽ അധികവും. രാവിലെ വളർത്തുമൃഗങ്ങളെ അഴിച്ചുവിട്ടതിന് ശേഷം തിരികെ ഇവ വീടുകളിൽ എത്താറാണ് പതിവ്. പ്രദേശത്ത് വന്യമൃഗ സാന്നിധ്യമുള്ളതിനാൽ ഇപ്പോൾ വളർത്തുമൃഗങ്ങളെ അഴിച്ചു വിടുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്. എസ്റ്റേറ്റ് വക തേയില തോട്ടത്തിൽ ജോലിക്ക് പോകുവാൻ ഭയക്കുന്നതായും പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ ദിവസം കടുവയെ കണ്ട വണ്ടിപെരിയാർ 56 ആം മൈലിൽ നിന്നും 2 കിലോമീറ്റർ ദൂരം മാത്രമാണ് ഇവിടേക്കുള്ളത്. അതിനാൽ തന്നെ കടുവാ ഭീതിയിലാണ് അരണക്കൽ ഹില്ലാശി നിവാസികൾ. തുടർച്ചയായി വന്യമൃഗ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങുന്നതിനാൽ വനം വകുപ്പിന്റെ ഭാഗത്തുനിന്നും അടിയന്തിര നടപടികൾ ഉണ്ടാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.