പോലീസിനെ കബളിപ്പിച്ചു രക്ഷപെട്ട കൊടും കുറ്റവാളി പോലീസ് പിടിയിൽ; മറയൂർ പോലീസ് പ്രതിയെ തമിഴ്നാട്ടില്‍നിന്ന് പിടികൂടിയത് അതിസാഹസികമായി
മറയൂര്‍ മേഖലയില്‍ മോഷണം നടത്തുകയും നിരവധി വീടുകള്‍ കൊള്ളയടിക്കുകയും ചെയ്ത സംഘത്തിന്‍റെ തലവനും തമിഴ്നാട്ടില്‍ കൊലപാതകവും കവര്‍ച്ചയും ഉള്‍പ്പെടെ എണ്‍പതോളം കേസുകളിലെ പ്രതിയുമായ കൊടും കുറ്റവാളിയായ ബാലമുരുകനെ (33) മറയൂര്‍ പോലീസ് തമിഴ്നാട്ടില്‍നിന്നു പിടികൂടി.
കഴിഞ്ഞ ഓഗസ്റ്റ് 12ന് രാത്രി രണ്ടിനു മറയൂരില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച ശേഷം മറയൂരില്‍നിന്നു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബാലമുരുകന്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായത്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം മറ്റു കവര്‍ച്ച കേസുകളിലെ തൊണ്ടിമുതല്‍ കണ്ടെത്താനായി തമിഴ്നാട്ടിലേക്കു കൊണ്ടുപോയി മടങ്ങി വരുന്നതിനിടെ പോലീസിനെ ആക്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. പിന്നീട് തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെ കഴിഞ്ഞ പതിനഞ്ച് ദിവസമായി വേഷം മാറിയും മറ്റും നടത്തിയ അന്വേഷണത്തില്‍ തെങ്കാശിയിലെ ഒരു കൃഷിയിടത്തിലെ കെട്ടിടത്തിനുള്ളില്‍ ഒളിവില്‍ കഴിയുന്ന വിവരം അറിയുകയും അതിസാഹസികമായി പിടികൂടുകയുമായിരുന്നു.
പോലീസിന്‍റെ കൈയില്‍നിന്നു രക്ഷപ്പെട്ട പ്രതി ചെന്നൈയില്‍ എത്തി തല മുണ്ഡനം ചെയ്തു താടിയും മീശയും വടിച്ചു രൂപം മാറിയാണ് സഞ്ചരിച്ചിരുന്നത്. മറയൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ആര്‍. ജിജു, എസ്ഐ അശോക് കുമാര്‍ സിപിഒമാരായ എന്‍ എസ് സന്തോഷ്, ജോബി ആന്‍റണി, വി.വി. വിനോദ്, ബോബി എം. തോമസ്, സജുസണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തമിഴ്നാട് അങ്കാലം പോലീസിലെ സ്പെഷല്‍ ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കൊടും കുറ്റവാളിയായ പ്രതിയെ പിടികൂടിയ പോലീസിനു പ്രദേശവാസികളും ഡ്രൈവര്‍മാരും ചേര്‍ന്നു കേക്ക് മുറിച്ചും പൊന്നാടയണിച്ചും സ്വീകരണം നല്‍കി.