പീരുമേട്ടിലെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി സന്ദർശിക്കും
മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസ്വാമി നൽകിയ പരാതിയെ തുടർന്നാണ് പീരുമേട്ടിലെ പൂട്ടി കിടക്കുന്ന തോട്ടങ്ങളിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി സന്ദർശനം നടത്തുന്നത്. ഈ മാസം 15 നാണ് സന്ദർശനം.
ഈ സമയം സംസ്ഥാന ലേബർ കമ്മീഷണർ, ജില്ലാ കളക്ടർ , ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻ എന്നിവരുടെ സാന്നിധ്യമുണ്ടാകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
2018 ലെ പെട്ടിമുടി ദുരന്തവും, ,2021 ൽ കോഴിക്കാനത്ത് ലയം തകർന്നു വീണ് തൊഴിലാളി സ്ത്രീ മരിക്കുകയും ചെയ്തതോടെയാണ് ലയങ്ങൾ നവീകരിക്കണം എന്ന ആവശ്യം ശക്തമായത്.
തുടർന്ന് മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. ആവശ്യം ശക്തമായതോടെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 2022 - 23 ൽ 10 കോടിയും , 2023 -24 ൽ 10 കോടി രൂപയും അനുവദിച്ചു..എന്നാൽ ആദ്യം അനുവദിച്ച 10 കോടി രൂപയുടെ എസ്റ്റിമേറ്റ് അടക്കമുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനും , രണ്ടാമത് അനുവദിച്ച ഫണ്ടിന്റെ പ്രാഥമിക നടപടികൾ തുടങ്ങാനും തൊഴിൽ വകുപ്പിനും ,ജില്ലാ ഭരണകൂടത്തിനും കഴിഞ്ഞില്ല. ചോർന്നൊലിക്കുന്ന മേൽക്കൂരയ്ക്കു കീഴിലാണ് തൊഴിലാളി കുടുംബങ്ങൾ കഴിഞ്ഞു കൂടുന്നത്. പൂർണ്ണമായും തകർന്ന ലയങ്ങളുമുണ്ട്. പീരുമേട് താലൂക്കിൽ പീരുമേട് ടീ കമ്പനിയുടെ ,ചീന്തലാർ ലോൺട്രി , എം.എം ജെ .പ്ലാന്റേഷന്റെ ബോണാമി ,കോട്ടമല എസ്റ്റേറ്റുകളാണ് 23 വർഷമായി പൂട്ടിക്കിടക്കുന്നത്. ഇവിടുത്തെ തൊഴിലാളികളാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. ഈ സാഹചര്യത്തിലാണ് തോട്ടങ്ങൾ സന്ദർശിച്ച് സാഹചര്യം വിലയിരുത്താനുളള മനുഷ്യാവകാശ കമീഷന്റെ തീരുമാനം.