ജില്ലയിലെ വിവിധ മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് കുമളി പോലിസ് പിടിയില്‍
ജില്ലയിലെ വിവിധ മോഷണക്കേസുകളില്‍ പ്രതിയായ തമിഴ് നാട് മുത്തുകോവില്‍ അമ്മന്‍ സ്ട്രീറ്റ് ഗൂഡല്ലൂര്‍ സ്വദേശി സെന്തില്‍ കുമാറാണ് പിടിയിലായത്. കുമളി സ്പ്രിംഗ് വാലിയിലെ മൊബൈല്‍ ടവറില്‍ നിന്നും ബാറ്ററിയും ഡീസലും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ച് കടത്തുന്നതിനിടെയാണ് കുമളി പോലീസ് ഇയാളെ പിടികൂടിയത്. ടവറിലെ നിരീക്ഷണ ക്യാമറ തിരിച്ചുവെക്കാന്‍ ശ്രമിച്ചത് ശ്രദ്ധയില്‍പ്പെട്ട കമ്പനി അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചതോടെയാണ് പ്രതി കുടുങ്ങിയത്. തോട്ടം തൊഴിലാളികളെ തോട്ടങ്ങളിലെത്തിക്കുന്ന ജീപ്പിലെ ഡ്രൈവറായ സെന്തില്‍ പകല്‍ സമയത്ത് ജീപ്പില്‍ കറങ്ങി നടന്ന് മോഷണം നടത്താനുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയ ശേഷം രാത്രിയില്‍ മോഷ്ടിക്കുന്നതാണ് രീതി.
പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തതോടെ ഇയാള്‍ 2014 മുതല്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ നടത്തുന്നുണ്ടെന്ന് മൊഴി നല്‍കി. പ്രതിയുടെ പേരില്‍ കുമളി, വണ്ടന്‍മേട്, ഉപ്പുതറ, വണ്ടിപ്പെരിയാര്‍, കമ്പംമെട്ട്,കട്ടപ്പന എന്നിവിടങ്ങളിലെ സ്‌റ്റേഷനുകളിലായി മാലപ്പൊട്ടിക്കല്‍, ബൈക്ക് മോഷണം തുടങ്ങി ഇരുപത്തിയഞ്ചോളം കേസുകളുണ്ട്.
കുമളി സി.ഐ. ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പീരുമേട് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.