ചിന്നക്കനാലിൽ മനുഷ്യ വന്യജീവി സംഘർഷത്തിന് കാരണമാകുന്ന ചക്കക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാൻ വനം വകുപ്പ് അംഗീകാരം നൽകി.
ചിന്നക്കനാലിൽ മനുഷ്യ വന്യജീവി സംഘർഷത്തിന് കാരണമാകുന്ന ചക്കക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാൻ വനം വകുപ്പ് അംഗീകാരം നൽകി. ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.ആനയെ പിടികൂടി ഉപഗ്രഹ സഹായത്തോടെ പ്രവർത്തിക്കുന്ന റേഡിയോ കോളർ ഘടിപ്പിച്ച് ആവശ്യമായ ചികിത്സ നൽകിയശേഷം അതേ ആവാസവ്യവസ്ഥയിൽ തന്നെ തുറന്നു വിടാൻ ആണ് തീരുമാനം. 24 മണിക്കൂറും ആനയുടെ സഞ്ചാരപഥം നിരീക്ഷിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനാണ് റേഡിയോ കോളർ ഘടിപ്പിക്കുന്നത്. സ്വന്തം ആവാസവ്യവസ്ഥയിൽ തുടരാനുള്ള അവസരം നൽകാനും അപകടങ്ങൾ ഒഴിവാക്കാനും റേഡിയോ കോളർ സഹായിക്കും.
ചക്കകൊമ്പനെ പിടികൂടാൻ വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളുടെ സഹായവും തേടും. ദേവികുളം റേഞ്ചിലെ ചിന്നക്കനാൽ, ബോഡിമെട്ട് മേഖലകളിൽ 17 കാട്ടാനകളാണ് ഉള്ളത്. ഇതിൽ ചക്കക്കൊമ്പൻ മനുഷ്യർക്കു നേരെ ആക്രമണ സ്വഭാവം കാണിക്കുന്നതായി വനം വകുപ്പ് കണ്ടെത്തി. സെപ്റ്റംബർ 23ന് പന്തടിക്കളത്ത് വിജയൻ എന്നയാൾ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
കനത്ത മൂടൽമഞ്ഞു കാരണം ആനയുടെ സാന്നിധ്യം അറിയാൻ കഴിയാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. ദൗത്യദിവസം ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിൽ നിരോധനാജ്ഞ പുറപ്പെടുവിക്കാൻ വനം വകുപ്പ്, സബ് കളക്ടറോട് ആവശ്യപ്പെടും



