വണ്ടിപ്പെരിയാർ സത്രത്തിലെ 20 ഏക്കര്‍ ഭൂമി മണ്ഡലകാലത്ത് ഉപയോഗപ്പെടുത്തുന്നില്ല; സത്രം ക്ഷേത്ര സമിതി
മണ്ഡലകാലത്ത് കുമളി, വണ്ടിപ്പെരിയാര്‍ മേഖലകളില്‍ പാര്‍ക്കിങ് പ്രശ്‌നം രൂക്ഷമാണെന്നിരിക്കെ ഏക്കറുകണക്കിന് ദേവസ്വം ബോര്‍ഡ് ഭൂമി അന്യാധീനമാക്കുന്നതായി ആക്ഷേപം.തീര്‍ഥാടകര്‍ ഇടത്താവളമായി ഉപയോഗിച്ചിരുന്ന സത്രത്തിലെ ദേവസ്വം ബോര്‍ഡ് ഭൂമി ഉപയോഗപ്പെടുത്തി ഇവിടെ വാഹന പാര്‍ക്കിങ്ങും വിരിവയ്‌ക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. സത്രം വഴിയുള്ള യാത്രാതടസം നീക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.ഇത് സംബന്ധിച്ച് ദേവസം ബോര്‍ഡ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുള്ളതായി പ്രദേശവാസികള്‍ പറയുന്നു.
സത്രത്തില്‍ ദേവസ്വം ബോര്‍ഡിന് 20 ഏക്കറോളം ഭൂമിയുണ്ടായിട്ടും അയ്യപ്പഭക്‌തര്‍ക്കായി പാര്‍ക്കിങ്, വിരിവെക്കാനുള്ള സൗകര്യം, ശൗചാലയങ്ങള്‍, ഹോട്ടലുകള്‍ എന്നിവ ഇതെ വരെ നിര്‍മിച്ചിട്ടില്ല. ഭൂമി ഉപയോഗി ക്കാതെ കിടക്കുന്നതിനാല്‍ സ്വകാര്യ വ്യക്‌തികള്‍ അത് കൈയേറുന്നുമുണ്ട്. സത്രത്തില്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ഹോട്ടലുകളും, കടകളും തുടങ്ങിയാല്‍ ഭക്‌തരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാകുകയും ബോര്‍ഡിന് നല്ലൊരു വരുമാനം ലഭിക്കുകയും ചെയ്യും. ഇപ്പോള്‍ സത്രത്തിലേക്ക് വരുന്ന ഭക്‌തരെ വാളാര്‍ഡിയില്‍ തടഞ്ഞു വാഹനങ്ങള്‍ അവിടെ നിര്‍ബന്ധമായി പാര്‍ക്ക് ചെയ്യിക്കുകയാണ് ചെയ്യുന്നത്. ഇതിനാല്‍ കൊട്ടാരക്കര-ദിണ്ടുക്കല്‍ ദേശീയപാതയിലെ വണ്ടിപ്പെരിയാറിലും വാളാര്‍ഡിയിലും ശബരിമല സീസണില്‍ ഗതാഗതക്കുരുക്കിന് കാരണമാകും.വാളര്‍ഡിയില്‍ വാഹന പാര്‍ക്കിങിന് ടിക്കറ്റ് കൗണ്ടര്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ സത്രം ക്ഷേത്ര സമിതിയും പ്രതിഷേധവുമായി രംഗത്തുണ്ട്.
സത്രത്തില്‍ നിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ കാല്‍ നടയായി സഞ്ചരിച്ചാല്‍ സന്നിധാനത്തിലെത്താമെന്നതിനാല്‍ മറ്റ് സംസ്‌ഥാനങ്ങളില്‍ നിന്നും സംസ്‌ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നു പോലുമുള്ള തീര്‍ഥാടകര്‍ തെരഞ്ഞെടുക്കുന്നത് സത്രം വഴിയാണ്. സത്രത്തില്‍ എത്തി വിരിവച്ച് ഇവിടെയുള്ള സുബ്രമണ്യ സ്വാമി ക്ഷേത്രത്തില്‍ പ്രാര്‍ഥനയും കഴിഞ്ഞാണ് തീര്‍ത്ഥാടകര്‍ മല കയറുന്നത്. കാട് കയറി നശിക്കുന്ന സത്രത്തിലെ ഭൂമി വൃത്തിയാക്കി പാര്‍ക്കിങ് ഗ്രൗണ്ട് സജ്‌ജമാക്കുന്നതിന് ദേവസം ബോര്‍ഡ് അടിയന്തര നടപടികള്‍ സ്വീകരിക്ക ണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

