ഇടുക്കി കുഴിത്തൊളുവില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരിയെ കമ്പിപ്പാരയ്ക്ക് തലയ്ക്കടിച്ച ശേഷം ഭര്‍ത്താവ് സ്വയം വെടിവെച്ച് മരിച്ചു
ഇടുക്കി കുഴിത്തൊളുവില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ യുവതിയെ ഓഫീസില്‍ നിന്നും പിടിച്ചിറക്കി കമ്പിപ്പാരയ്ക്ക് തലയ്ക്കടിച്ച ശേഷം ഭര്‍ത്താവ് സ്വയം വെടിവെച്ച് മരിച്ചു. കമ്പംമെട്ട് നെറ്റിത്തൊഴു സ്വദേശി മഴുവന്‍ചേരിയില്‍ സന്തോഷാണ് മരിച്ചത്. തലയ്ക്കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ കുഴിത്തൊളു പോസ്റ്റ് ഓഫീസിലെ ജീവനക്കാരിയായ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30 ഓടൊണ് സംഭവം.
സന്തോഷും ശ്രീജയും തമ്മില്‍ വിവാഹ മോചനത്തിനായി കേസ് നിലനില്‍ക്കുകയായിരുന്നു. അടുത്ത ദിവസം ഇതിന്റെ വിധി വരാനിരിക്കെയാണ് ഭര്‍ത്താവ് ആക്രമിച്ചതെന്ന് വിവരം. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ശ്രീജ തൂക്കുപാലത്താണ് താമസിച്ചിരുന്നത്. രാവിലെ ജോലിക്കായെത്തിയ ശ്രീജയെ സന്തേഷ് ഓഫീസില്‍ നിന്നും വലിച്ചിറക്കി കമ്പിപ്പാര കൊണ്ട് ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരെ കയ്യില്‍ കരുതിയിരുന്ന തോക്ക് ചൂണ്ടി ഭയപ്പെടുത്തി ഓടിച്ച ശേഷം റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് കമ്പംമെട്ട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി സന്തോഷിന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ശ്രീജയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്തോഷ് എത്തിയതാണ് പ്രാഥമിക നിഗമനം.

