കാഞ്ചിയാർ കോവിൽമല അമ്പലമേട് അങ്കണവാടിക്കായി നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടം ഇനിയും കൈമാറിയില്ല
കാഞ്ചിയാർ കോവിൽമല അമ്പലമേട് അങ്കണവാടിക്കായി നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടം ഇനിയും കൈമാറിയില്ല.കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന അമ്പലമേട് 130 ആം നമ്പർ അങ്കണവാടിക്കായി നിർമ്മിച്ച കെട്ടിടമാണ് രണ്ട് വർഷത്തോളമായി ഉപയോഗശൂന്യമായി കിടക്കുന്നത്.തൊണ്ണൂറ് ശതമാനത്തോളം നിർമ്മാണം പൂർത്തിയായെങ്കിലും കെട്ടിടം ഇതുവരെയും വിട്ടുനൽകിയിട്ടില്ല.കെട്ടിടത്തിന് മുൻപിൽ കെട്ടുറപ്പുള്ള സംരക്ഷണ ഭിത്തി നിർമ്മിക്കുവാൻ പഞ്ചായത്തോ ബന്ധപ്പെട്ട വകുപ്പോ ഇതുവരെ മുൻകയ്യെടുക്കാത്തതാണ് ഇപ്പോഴത്തെ തടസ്സമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത് .
കോവിൽമലയിലെ ഗവ. സ്കൂളിൽ, താത്കാലികമായി വിട്ടുനൽകിയ മുറിയിലാണ് നിലവിൽ അങ്കണവാടി പ്രവർത്തിക്കുന്നത്.ഇരുപതോളം കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.നിർമ്മാണം പൂർത്തിയായി കിടക്കുന്ന കെട്ടിടം എത്രയും വേഗം കൈമാറുകയാണെങ്കിൽ മെച്ചപ്പെട്ട സ്ഥലസൗകര്യത്തിന് പുറമെ, കുട്ടികളുടെ യാത്ര ക്ലേശത്തിനും പരിഹാരമാകും.
അതേ സമയം സംരക്ഷണ ഭിത്തികെട്ടുന്നതിനായി 2 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അംഗം പറഞ്ഞു. എട്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിർമ്മാണം കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പൂർത്തിയാക്കിയത്.