കട്ടപ്പന നഗരത്തിലെ നിരീക്ഷണ ക്യാമറകൾ നോക്കുകുത്തി; ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനാകാതെ പോലീസ്
കട്ടപ്പന നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനും ഗതാഗത സംവിധാനങ്ങൾ നിരീക്ഷിക്കുന്നതിനും 2018 ലാണ് 16 ഇടങ്ങളിലായി 32 ക്യാമറകൾ സ്ഥാപിച്ചത്. ഇതിനായി പതിനൊന്ന് ലക്ഷം രൂപയും ചില വഴിച്ചു. ക്യാമറ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനായി പൊലീസ് സ്റ്റേഷനിൽ കൺട്രോൾ പാനലും സ്ഥാപിച്ചിരുന്നു. എന്നാൽ ക്യാമറകൾ സ്ഥാപിച്ച് ഒരു വർഷം പിന്നിട്ടപ്പോഴേയ്ക്കും പലതും പ്രവർത്തന രഹിതമായി. ക്യാമറ സ്ഥാപിച്ച കമ്പനി എ.എം.സി. ( ആനുവൽ മെയിന്റനൻസ് കോസ്റ്റ് ) പാലിയ്ക്കാതെ വന്നതോടെ തകരാറിലായ ക്യാമറകൾ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. ക്യാമറകൾ പ്രവർത്തിപ്പിക്കുന്ന കാര്യം നഗരസഭ കൗൺസിൽ യോഗങ്ങളിൽ ഉൾപ്പെടെ ഉയർന്നതോടെ പദ്ധതി തയാറാക്കിയെങ്കിലും തുടർ നടപടിയുണ്ടായില്ല.
ഒരു വർഷം മുൻപ് വെള്ളയാംകുടി റോഡിൽ വാഹനമിടിച്ച് ഗൃഹനാഥൻ മരിച്ച കേസിൽ വാഹനം കണ്ടെത്താൻ പോലീസിന് കഴിയാത്തതിനെ തുടർന്ന് മരിച്ചയാളുടെ ബന്ധുക്കളാണ് വാഹനം കണ്ടെത്തിയത്. നഗരസഭയുടെ ക്യാമറയില്ലാത്തതിനാൽ പല കേസുകളിലും തെളിവിനായി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പോലീസ് ആശ്രയിക്കുന്നത്. എന്നാൽ വ്യാപാര സ്ഥാപനങ്ങൾ ഷട്ടറുകളുടെ ദൃശ്യം മാത്രം ലഭിക്കുന്ന രീതിയിലാണ് സി.സി.ടി.വി. സ്ഥാപിച്ചിരിക്കുന്നത്.
ഇത് പോലീസിന് തിരിച്ചടിയാകുന്നുണ്ട്. അടിയന്തര പ്രാധാന്യം നൽകിയ ക്യാമറകൾ പുനസ്ഥാപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്