ഗാഡ്ഗില്‍ - കസ്തൂരി രംഗനില്‍ അച്ചാരം വാങ്ങിയവര്‍ ഭൂ നിയമ ഭേദഗതി ബില്ലും കത്തിക്കുന്നു- സിപിഐ എം
ഇടുക്കിയെയും മൂന്നാറിനെയും തകര്‍ക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ഗൂഢാലോചന നടത്തി അച്ചാരം വാങ്ങിയവര്‍ തന്നെയാണ് ഇപ്പോള്‍ ഭൂ നിയമ ഭേദഗതി ബില്ല് കത്തിക്കുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ലോക ടൂറിസം ഭൂപടത്തില്‍ 52-ാം സ്ഥാനം വഹിക്കുന്ന തെക്കിന്‍റെ കാശ്മീരായ മൂന്നാറിനെ തകര്‍ക്കാന്‍ അന്താരാഷ്ട്ര ലോബി വന്‍ശ്രമങ്ങളാണ് നടത്തുന്നത്. ഇടുക്കിയുടെ പച്ചപ്പിലും ടൂറിസം കേന്ദ്രങ്ങളിലും കണ്ണ് വച്ച് ജയറാം രമേശും കൂട്ടരും അന്തര്‍ദ്ദേശീയതലത്തില്‍ നടത്തിയ ആസൂത്രിത നീക്കത്തിലൂടെയാണ് ഗാഡ്ഗിലും കസ്തൂരി രംഗനും ഇടുക്കിയിലെത്തുന്നത്. പരിസ്ഥിതി സംഘടനകളും വിദേശപണം പറ്റുന്ന എന്‍ജിഒ കളുമായി ഒത്തുകളിച്ചാണ് കോണ്‍ഗ്രസ്സ് ഗാഡ്ഗില്‍ - കസ്തൂരി രംഗന്‍ കമ്മീഷനുകളെ വച്ച് കുടിയേറ്റ ജനതയെ ഇടുക്കിയുടെ മണ്ണില്‍ നിന്നും കുടിയിറക്കാന്‍ നീക്കം നടത്തിയത്. അച്ചാരം കൊടുത്ത ബഹുരാഷ്ട്ര പരിസ്ഥിതി സംഘടനകളെ തൃപ്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് നേതൃത്വം ഭൂ നിയമ ഭേദഗതി ബില്‍ കത്തിക്കുന്നത്. തങ്ങളിപ്പോഴും പരിസ്ഥിതി സംഘടനകളുടെ കൂടെയാണെന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയാല്‍ തുടര്‍ന്നും കൂറുകാട്ടുമെന്നും ബോധ്യപ്പെടുത്തുകയാണ് കോണ്‍ഗ്രസ്സ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
കോണ്‍ഗ്രസ്സും യുഡിഎഫും കത്തിച്ചുകൊണ്ടിരിക്കുന്ന ഭൂ നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ വരുമ്പോള്‍ എതിര്‍ക്കുമോ അനുകൂലിക്കുമോ എന്ന് അവര്‍ വ്യക്തമാക്കണം. പട്ടയം ലഭിച്ച ഭൂമി വ്യവസ്ഥയില്‍ പറയുന്ന ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിച്ചിട്ടുള്ളത് ക്രമവല്‍ക്കരിച്ചു നല്‍കാനാണ് സര്‍ക്കാര്‍ ഭൂ നിയമ ഭേദഗതി ബില്‍ കൊണ്ടുവന്നിട്ടുള്ളത്. തുടര്‍ന്ന് നടത്തുന്ന ഭൂമിയുടെ ഉപയോഗത്തില്‍ വാണിജ്യ അടിസ്ഥാനത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി അനുമതി ലഭിക്കുന്ന അത്യന്തം കര്‍ഷക താല്‍പര്യം മുന്‍നിര്‍ത്തിയുള്ള ബില്ലിനെ എതിര്‍ക്കുന്നത് ദുഷ്ടലാക്കോടെയാണ്. ഭൂമി പതിവ് നിയമം ഭേദഗതി ചെയ്യണമെന്നുള്ള അറുപത് വര്‍ഷത്തിലധികമായുള്ള കര്‍ഷകരുടെ താല്‍പര്യമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. നിയമം നിയമ സഭയില്‍ പാസ്സാക്കപ്പെട്ടതിന് ശേഷമാണ് വ്യവസ്ഥകളെ കുറിച്ചും ചട്ടങ്ങളെ കുറിച്ചും ചര്‍ച്ച നടത്തേണ്ടത്. ആ ഘട്ടത്തില്‍ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ടെങ്കില്‍ നിയമ സഭയില്‍ അവതരിപ്പിക്കുന്നതിന് യുഡിഎഫിന് അവസരമുണ്ട് എന്നിരിക്കെ നിയമ ഭേദഗതിയെ തന്നെ എതിര്‍ക്കുന്നതിന്‍റെ ഉദ്ദേശ്യം ദുരുദ്ദേശപരവും സംശയകരവുമാണ്. പരിസ്ഥിതി സംഘടനകളുടെ താളത്തിനൊത്ത് തുള്ളി മലയോര ജനതയെ വീണ്ടും ഒറ്റുകൊടുക്കുന്നതിനുള്ള കര്‍ട്ടന് പിന്നിലെ തയ്യാറെടുപ്പാണ് കോണ്‍ഗ്രസ്സ് നടത്തുന്നത്. ജില്ലയിലെ ഭൂമി പ്രശ്നങ്ങള്‍ ഒരുകാലത്തും പരിഹരിക്കപ്പെടരുതെന്നും കഴിയുന്നത്ര സങ്കീര്‍ണ്ണമാക്കണമെന്നുമുള്ള കോണ്‍ഗ്രസ്സിന്‍റെ ഉന്നതതല നിര്‍ദ്ദേശമാണ് ഇടുക്കിയില്‍ യുഡിഎഫ് നടപ്പാക്കുന്നത്. പട്ടയത്തില്‍ 16 ഉപാധികള്‍ വച്ച് കര്‍ഷകരെ വരിഞ്ഞു മുറുക്കിയതും ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ്സ്കേപ് പ്രോജക്ടും ഇഎസ്എ യും ഇഎഫ്എല്ലും ഇഎസ്എസ്ഇസഡും പോലെ പരിസ്ഥിലോബികള്‍ക്ക് വഴങ്ങിയുള്ള നീക്കങ്ങള്‍ നടത്തിയവര്‍ ഇപ്പോള്‍ ജനതാല്‍പ്പര്യം മുന്‍നിര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂ നിയമ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നതിലും അത്ഭുതപ്പെടാനില്ല.
ബില്‍ അവതരണത്തെ നിയമസഭയില്‍ എതിര്‍ക്കാന്‍ കള്ളപ്പണം വെളുപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയ റിസോര്‍ട്ട് എംഎല്‍എ യെ ചുമതലപ്പെടുത്തിയ ശേഷം പി.ജെ. ജോസഫ് മുങ്ങിയതും കോണ്‍ഗ്രസ്സ് എംഎല്‍എ മാര്‍ നിയമസഭയില്‍ വരാതിരുന്നതും യാദൃശ്ചികമല്ല. പരിസ്ഥിതി - രാഷ്ട്രീയ ഗൂഢാലോചനയിലൂടെ തയ്യാറാക്കിയ പദ്ധതിയാണ് യുഡിഎഫ് നിയമസഭയ്ക്കകത്ത് നടപ്പാക്കിയത്. ബില്ലിനെ എതിര്‍ത്തവരെയും ബില്‍ കത്തിച്ചവരെയും ജനങ്ങള്‍ ഒരിക്കല്‍കൂടി തിരിച്ചറിയുകയാണ്. 20 വര്‍ഷമായി ജില്ലയില്‍ എംഎല്‍എ മാരില്ലാത്ത കോണ്‍ഗ്രസ്സിന് 50 വര്‍ഷം കൂടി തല്‍സ്ഥിതി തുടരാനുള്ള അവസരം ജനങ്ങള്‍ നല്‍കുമെന്ന സാഹചര്യമാണ് ബില്ല് കത്തിക്കുന്നതിലൂടെ വന്നു ചേര്‍ന്നതെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു.