മകൻെറ മരണവാർത്തയറിഞ്ഞ് മാതാവ് ജീവനൊടുക്കി
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മാതാവാണ് കിണറ്റിൽ ചാടി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പൂക്കോട് ക്യാമ്പസിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് പി ജി വിദ്യാർത്ഥിയായ തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂർക്കോണം അറഫയിൽ സുലൈമാന്റെ മകൻ സജിൻ മുഹമ്മദ് മരിച്ചിരുന്നു. മാതാവ് ഷീജ ബീഗത്തെ മരണവിവരം അറിയിച്ചിരുന്നില്ല. ബന്ധുക്കൾ ഇന്നലെ വൈകിട്ട് ഇവരെ കഴക്കൂട്ടത്തെ ബന്ധുവീട്ടിൽ കൊണ്ടു വിട്ട ശേഷം മൃതദേഹം കൊണ്ടുവരാനായി വയനാട്ടിലേക്ക് പോയി. രാത്രിയോടെ മകൻെറ മരണവാർത്ത സമൂഹമാധ്യമത്തിലൂടെ അറിഞ്ഞ ഷീജ ബന്ധുവീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഭർത്താവ് റിട്ടയേഡ് വനംവകുപ്പ് ഉദ്യോഗസ്ഥനാണ്. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. എം വി എസ് സി അവസാന വർഷ വിദ്യാർത്ഥിയായിരുന്നു സജിൻ മുഹമ്മദ് .