കട്ടപ്പന നഗരസഭയിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157 -ാം ജന്മദിനത്തോടനുബന്ധിച്ച് കട്ടപ്പന നഗരസഭയിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. സ്വച്ഛതാ ഹി സേവ- കയ്യോടു കൈ ക്യാമ്പയിനുകളുടെ ഭാഗമായി നഗരസഭ സെപ്റ്റംബർ 17 മുതൽ വിവിധതരം ശുചീകരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണം, ശുചീകരണ ഉൽപ്പന്നങ്ങളുടെ വിതരണം എന്നിവ നടത്തിവരികയായിരുന്നു. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ശുചിത്വഭാരതം എന്ന ആശയത്തോടുള്ള ഐക്യദാർഢ്യമായാണ് ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.നഗരസഭാ അങ്കണത്തിൽ വച്ച് ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, പുളിയൻമല ക്രൈസ്റ്റ് കോളേജിലെ എം. എസ്.ഡബ്ലിയു വിദ്യാർത്ഥികൾ, ജെ. പി. എം കോളേജിലെ ബി. എസ്. ഡബ്ലിയു വിദ്യാർത്ഥികൾ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

