മൂന്നാറിൽ സ്റ്റോപ് മെമ്മോ ലംഘിച്ച് നിർമ്മാണം നടത്തിയ ഭൂ ഉടമകളുടെ വിശദവിവരങ്ങൾ നൽകണമെന്ന് ഹൈക്കോടതി
മൂന്നാറിൽ റവന്യു വകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ ലംഘിച്ചും നിർമാണം തുടർന്ന ഭൂവുടമകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. ജില്ലാ കലക്ടർക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. വില്ലേജ് ഓഫീസർമാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് രണ്ടാഴ്ചക്കകം നൽകണമെന്നാണ് നിര്‍ദ്ദേശം. സ്റ്റോപ്പ് മെമ്മോ ലംഘിച്ച് വ്യാപകമായി നിർമാണം നടക്കുന്നുവെന്നാണ് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചത്. ഇതിന്റ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
ജില്ലാകളക്ടറും കയ്യേറ്റം സംബന്ധിച്ച് കോടതിയിൽ വിവരങ്ങൾ ധരിപ്പിച്ചു. 326 കയ്യേറ്റങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇതിൽ 20 കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു. ഭൂസംരക്ഷണ നിയമപ്രകാരം ചില കയ്യേറ്റങ്ങൾക്കെതിരെ നടപടി തുടങ്ങി.
സർവേ ആവശ്യമായ കേസുകളിൽ രണ്ട് മാസത്തിനകം പൂർത്തിയാക്കി തുടർനടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറും കോടതിയെ അറിയിച്ചു. കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സമയപരിധി നിശ്ചയിക്കാൻ കഴിയുമോ എന്നാരാഞ്ഞ കോടതി, 16 വർഷമായി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകൾ കെട്ടിക്കിടക്കുകയാണെന്നും നിരീക്ഷിച്ചു.