വനം വകുപ്പിന്റെ വൈദ്യുതി വേലി വയ്യാവേലിയായപ്പോൾ വന്യമൃഗ ഭീതിയിൽ കഴിയുകയാണ് കോഴിമല മരുതും കവല നിവാസികൾ
വനം വകുപ്പിന്റെ വൈദ്യുതി വേലി വയ്യാവേലിയായപ്പോൾ വന്യമൃഗ ഭീതിയിൽ കഴിയുകയാണ് കോഴിമല മരുതും കവല നിവാസികൾ. കാട്ടാനയേയും കാട്ടുമൃഗങ്ങളെയും ഭയന്നാണ് പ്രദേശത്തെ നിരവധി കുടുംബങ്ങൾ കഴിയുന്നത് . പ്രദേശത്തെ ഇത്തരം ഉപകാരപ്രദം അല്ലാത്ത ഫെൻസിംഗ് ലൈനുകൾക്ക് പകരം ട്രഞ്ച് കുഴികൾ നിർമ്മിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
കാഞ്ചിയാർ പഞ്ചായത്തിലെ രണ്ടാം വാർഡ് കോഴിമലയിൽ വനാർത്തിയോട് ചേർന്നുള്ള മരുതുംകവല നിവാസികളാണ് ദുരിതത്തിൽ കഴിയുന്നത്. 150 ഓളം ആദിവാസികളുടെ ഉൾപ്പെടെ 300 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കാട്ടുമൃഗങ്ങളിൽ നിന്നും സുരക്ഷ ഉറപ്പാക്കാൻ വർഷങ്ങൾക്ക് മുമ്പ് വനം വകുപ്പ് സ്ഥാപിച്ച ഫെൻസിംഗ് ലൈനുകൾ നാളിതു വരെയായി പ്രവർത്തന സജ്ജമാക്കുകയോ ജനങ്ങൾക്ക് ഉപകാരപ്രദമാക്കുകയോ ചെയ്തിട്ടില്ല. വന്യമൃഗ ശല്യത്താൽ വലയുന്ന പ്രദേശവാസികൾക്ക് നാളിതുവരെയായി യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്.
വന്യമൃഗ ശല്യത്തിന്റെ ഏറ്റവും രൂക്ഷത അനുഭവിക്കുന്നത് തന്നാണ്ട് കർഷകരാണ്. കപ്പ, ചേന, ചേമ്പ് പോലുള്ള കൃഷികൾ വന്യമൃഗ ശല്യത്താൽ കർഷകർ പൂർണമായും ഉപേക്ഷിച്ചു. ഏലം, കാപ്പി, കുരുമുളക് ഉൾപ്പെടെയുള്ള കൃഷി വിളകളും വന്യമ്യഗങ്ങൾ നശിപ്പിക്കുന്നത് വ്യാപകമാണ്. അതിൽ തന്നെ ഏലമാണ് വ്യാപകമായി നശിപ്പിക്കപ്പെടുന്നത്. കാട്ടാന ശല്യവും കൂട്ടമായെത്തുന്ന കുരങ്ങുകളും ഏലം കർഷകർക്ക് വൻ നാശമാണ് സൃഷ്ടിക്കുന്നത്. കാട്ടാനയും കാട്ടുപ്പന്നി, മ്ലാവ്, കുരങ്ങുകൾ എന്നിവയെല്ലാം കൃഷിയിടത്തിലിറങ്ങുന്നുണ്ട്. ജനവാസ മേഖലയിലെ അഞ്ചു കിലോ മീറ്റർ ദൂരം വരുന്ന വനാതിർത്തിയിലാണ് വർഷങ്ങൾക്ക് മുമ്പാണ് വനം വകുപ്പ് ഫെൻസിംഗ് സ്ഥാപിച്ചത്. എന്നാൽ ഇതിലേയ്ക്ക് ആവശ്യമായ വൈദ്യുതി നൽകുകയോ പ്രവർത്തനക്ഷമമാക്കുകയോ നാളിതു വരെ ചെയ്തിട്ടില്ല. ഇത്തരത്തിൽ ഫെൻസിംഗ് ലൈനുകൾ സ്ഥാപിച്ചത് കൊണ്ട് ജനങ്ങൾക്ക് സുരക്ഷ ഉണ്ടാകില്ലന്നും പകരം വനാതിർത്തിയിൽ ട്രഞ്ച് കുഴി തീർക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. എന്നാൽ ഇത്തരം ട്രഞ്ച് കുഴികൾ തീർക്കുന്നത് ജണ്ടയ്ക്കുള്ളിൽ വനം വകുപ്പിന്റെ സ്ഥലത്ത് കുഴിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
മുൻമ്പൊരിക്കൽ പ്രദേശവാസികളുടെ സ്ഥലത്ത് ട്രഞ്ച് നിർമിക്കണമെന്ന നിർദേശവുമായി അധികൃതർ വന്നിരുന്നു. കൈവശം വെച്ചിരിക്കുന്ന സ്ഥലം പിടിച്ചെടുത്ത് ജണ്ട ഇട്ട ശേഷം വീണ്ടും ജനങ്ങളുടെ ആകെയുള്ള സ്ഥലത്ത് കൂടി ട്രഞ്ച് നിർമിക്കണമെന്ന അപ്രായോഗിക നിർദ്ദേശം അംഗികരിക്കില്ലന്നും നാട്ടുകാർ പറയുന്നു.