എം.പി ഫണ്ട് വിനിയോഗിച്ച് ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ പ്രാദേശിക പദ്ധതി നിര്‍വഹണ അവലോകന യോഗം ചേര്‍ന്നു. ജില്ലാ ആസൂത്രണഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ദീപ ചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിലവില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രവൃത്തികളുടെ നിര്‍വഹണ പുരോഗതി എംപി വിലയിരുത്തി. 17ാം ലോക്സഭയുടെ കാലാവധി അവസാനിക്കാറായതിനാല്‍ ഭരണാനുമതി ലഭിക്കാത്ത വികസന പ്രവര്‍ത്തനങ്ങളുടെ നടപടിക്രമങ്ങള്‍ എത്രയും വേഗത്തിലാക്കണമെന്ന് എല്ലാ ബി.ഡി.ഒമാരോടും മറ്റു നിര്‍വഹണ ഉദ്യോഗസ്ഥരോടും എംപി ആവശ്യപെട്ടു. അടിമാലി ഗവ. ഹൈസ്‌കൂളില്‍ ബി.ആര്‍.സിക്ക് വേണ്ടി നിര്‍മ്മിക്കുന്ന ഓട്ടിസം സെന്റര്‍ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവൃത്തി കാലതാമസം കൂടാതെ പൂര്‍ത്തീകരിക്കണം. കൂടാതെ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ ബില്ലുകള്‍ കാലതാമസം കൂടാതെ സമര്‍പ്പിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥരോട് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍ നിര്‍ദ്ദേശിച്ചു.
ജില്ലയിലെ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡുകള്‍, വിവിധ ആശുപത്രികളിലേക്കുള്ള ആംബുലന്‍സുകള്‍, സ്‌കൂളികളിലേക്ക് വാങ്ങി നല്‍കേണ്ട ലാപ്ടോപ്പുകള്‍ എന്നിവയെ സംബന്ധിച്ചും യോഗം വിലയിരുത്തി. ഇതുവരെ ഭരണാനുമതി ലഭിച്ച 8.81 കോടി രൂപയുടെ 102 പ്രവൃത്തികളില്‍ 4.01 കോടി രൂപയുടെ 38 പ്രവൃത്തികള്‍ പൂര്‍ത്തിയായി. 4.08 കൊടി രൂപയുടെ 64 പ്രവൃത്തികള്‍ പുരോഗമിക്കുന്നു. റോഡുകള്‍, സംരക്ഷണ ഭിത്തികള്‍, ലൈബ്രറികള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണം ഇതില്‍ ഉള്‍പ്പെടും.