ഇന്ത്യയ്ക്കുവേണ്ടി ഇരട്ട സ്വർണ്ണം നേടിയ സാന്ദ്രാമോൾ സാബുവിന് സംസ്ഥാന സർക്കാരിന്റെ 20 ലക്ഷം രൂപ പ്രൈസ് മണി അനുവദിച്ചു.
ഇടുക്കി : ചൈനയിൽ നടന്ന പ്രഥമ അണ്ടർ 23 ഏഷ്യൻ അത് ലെറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി 4x400 മിക്സഡ് റിലേയിലും 4x400 വനിതാ റിലേയിലും സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ കാഞ്ചിയാർ സ്വദേശിനി സാന്ദ്ര മോൾ സാബുവിന് സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ പ്രൈസ് മണി അനുവദിച്ചു.
സാന്ദ്ര മോൾ സാബുവിന് പ്രൈസ് മണി അനുവദിക്കുന്നതിനായി ഇടുക്കി എംഎൽഎ റോയി കെ പൗലോസ് നടത്തിയ ഇടപെടലുകളാണ് ഫലം കണ്ടിരിക്കുന്നത്. സാന്ദ്ര മോൾ സാബുവിന് പ്രൈസ് മണി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എംഎൽഎ റോയി പൗലോസിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ടോണി തോമസ്, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂർ എന്നിവർ മുഖ്യമന്ത്രി വി ഡി സതീശനെയും, കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷിനെയും തിരുവനന്തപുരത്ത് എത്തി കണ്ട് നിവേദനം നൽകുകയും ചെയ്തിരുന്നു.ഈ ഇടപെടലുകളെ തുടർന്നാണ് സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ സാന്ദ്രാ മോൾ സാബുവിന് അനുവദിച്ചിരിക്കുന്നത്.





