പാമ്പാടുമ്പാറ അമ്പിളി വധക്കേസ്; പ്രതി തങ്കച്ചന്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച വിധിക്കും
നാടിനെ നടുക്കിയ പാമ്പാടുമ്പാറ അമ്പിളി കൊലപാതക കേസില്‍ പ്രതി കട്ടപ്പന കൊച്ചുതോവാള ചേന്നാട്ട് മാത്യു ദേവസ്യയെ (തങ്കച്ചന്‍) തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സനു എസ് പണിക്കര്‍ കുറ്റക്കാരനായി കണ്ടെത്തി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ശിക്ഷ തിങ്കളാഴ്ച (ഓഗസ്റ്റ് 17) വിധിക്കും. പ്രമാദമായ കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും കൃത്യമായി ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു.
2012 ജനുവരി രണ്ടിനാണ് അവിവാഹിതയും കോഴില സ്വദേശിയുമായ അമ്പിളി കൊല്ലപ്പെടുന്നത്. കട്ടപ്പന കടമാകുഴി കണ്ണമുണ്ട എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു അമ്പിളി. ഈ തോട്ടത്തിലെ സൂപ്പര്‍വൈസറായിരുന്നു തങ്കച്ചന്‍. ഇരുവരും അടുപ്പത്തിലാവുകയും അമ്പിളി ഗര്‍ഭിണിയാകുകയും ചെയ്തു. ഗര്‍ഭവിവരം പുറത്തറിഞ്ഞാല്‍ തന്റെ കുടുംബജീവിതം തകരുമെന്ന് ഭയന്ന തങ്കച്ചന്‍ അമ്പിളിയെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.
അമ്പിളിയെ കഴുത്തു ഞെരിച്ചാണ് ഇയാള്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം പടുതയില്‍ പൊതിഞ്ഞ് കല്ലുകെട്ടി തോട്ടത്തിലെ കുളത്തില്‍ താഴ്ത്തി. മകളെ കാണാതായതോടെ അമ്പിളിയുടെ പിതാവ് പ്രഭാകരന്‍ കട്ടപ്പന പോലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടയില്‍ പ്രതി തങ്കച്ചന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. തുടര്‍ന്ന് ജനുവരി 14ന് പാമ്പാടുമ്പാറയില്‍ കാപ്പിത്തോട്ടത്തിലെ കുളത്തില്‍ മൃതദേഹം കണ്ടെത്തി. അന്നത്തെ കട്ടപ്പന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും നിലവില്‍ കട്ടപ്പന ഡിവൈഎസ്പിയുമായ റെജി എം കുന്നിപ്പറമ്പന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.





