വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്
സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള പരമാവധി സാധ്യതകൾ പരിശോധിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് .എൽ നിനോ പ്രതിഭാസത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴയുടെ അളവ് കുറഞ്ഞിരിക്കുകയാണ് . ഇടുക്കി ഉൾപ്പെടെയുള്ള പ്രധാന ജലസംഭരണികളിൽ ഏകദേശം 60 ശതമാനം ജലം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്ന ജലനിരപ്പിനേക്കാൾ 20 ശതമാനത്തിന്റെ കുറവുണ്ടെന്നും തൊടുപുഴയിൽ മന്ത്രി അറിയിച്ചു.
മഴക്കുറവ് വൈദ്യുതി ഉപഭോഗത്തെ ബാധിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും. മറ്റു സ്രോതസ്സുകളിൽനിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികളും ആലോചിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.വൈദ്യുതി നിയന്ത്രണം പരമാവധി ഒഴിവാക്കുന്നതിനുള്ള സാധ്യതകൾ ഓരോ ദിവസത്തെയും സാഹചര്യങ്ങൾ വിലയിരുത്തി പരിശോധിക്കും .
ജലവൈദ്യുതി ഉൽപ്പാദനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തും .ഇക്കാര്യത്തിൽ സാങ്കേതികവും സാമ്പത്തികവുമായ പ്രായോഗികത, വനാനുമതി ലഭിക്കുന്നതിലെ കാലതാമസം തുടങ്ങിയ വെല്ലുവിളികൾ പരിഹരിക്കേണ്ടതുണ്ട്. സോളാർ വൈദ്യുതി ഉൽപ്പാദനം വർധിക്കുന്ന സാഹചര്യത്തിൽ ട്രാൻസ്മിഷൻ ലൈനുകൾ, ട്രാൻസ്ഫോർമറുകൾ, സബ്‌സ്റ്റേഷനുകൾ എന്നിവയുടെ ശേഷി വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.



