ഇടുക്കിയില്‍ രോഗിയെ ആശുപത്രിയില്‍ എത്തിയ്ക്കാന്‍ മഞ്ചലില്‍ ചുമന്ന് ഗോത്ര ജനത; ഇടമലക്കുടി നിവാസികളാണ് രോഗിയെ ചുമന്ന് കാട് ഇറങ്ങിയത്
ഇടുക്കിയില്‍ രോഗിയെ ആശുപത്രിയില്‍ എത്തിയ്ക്കാന്‍ മഞ്ചലില്‍ ചുമന്ന് ഗോത്ര ജനത. ഇടമലക്കുടി നിവാസികളാണ് രോഗിയെ ചുമന്ന് കാട് ഇറങ്ങിയത്. കമ്പില്‍ തുണി കെട്ടി രോഗിയെ അതില്‍ കിടത്തിയാണ് ആളുകള്‍ ചുമന്നത്. ഇടമലക്കുടി ഗൂഡല്ലാര്‍ക്കുടി സ്വദേശിയായ 75 വയസുകാരനായ മാലയപ്പനെ ആശുപത്രിയില്‍ എത്തിയ്ക്കാനായിരുന്നു ദുരിത യാത്ര. കുടി നിവാസികളായ നിരവധി പേര്‍ മാറി മാറി ചുമന്ന് മാലയപ്പനെ മാങ്കുളത്തിന് സമീപം ആനക്കുളത്ത് എത്തിയ്കുകയായിരുന്നു.
തുടര്‍ന്ന് അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചു. കിലോമീറ്ററുകളോളമാണ് രോഗിയെ കുടിനിവാസികള്‍ ചുമന്നുകൊണ്ട് നടന്നത്. പനി ബാധയെ തുടര്‍ന്ന് അവശ നിലയിലായിരുന്നു മാലയപ്പന്‍. ഇതോടെയാണ് ഇദ്ദേഹത്തെ ചുമന്ന് ആശുപത്രിയില്‍ എത്തിയ്ക്കാന്‍ കുടിനിവാസികള്‍ തീരുമാനിച്ചത്. ഗൂഡല്ലാര്‍ക്കുടിയില്‍ പനിയും മറ്റ് പകര്‍ച്ച വ്യാധികളും പടര്‍ന്നു പിടിയ്ക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മുന്‍പും ഇത്തരത്തില്‍ രോഗികളെ ചുമന്ന് ആശുപത്രിയില്‍ എത്തിക്കേണ്ട അവസ്ഥ ഇവര്‍ക്കുണ്ടായിട്ടുണ്ട്.





