എംഡിഎംഎയും കഞ്ചാവും 86000 രൂപയുമായി യുവാവ് വണ്ടിപ്പെരിയാര്‍ പോലീസിന്റെ പിടിയില്‍
എംഡിഎംഎയും കഞ്ചാവും 86,000 രൂപയുമായി കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ അരുണ്‍ പവിത്രനെ (30) വണ്ടിപ്പെരിയാര്‍ പോലീസ് പിടികൂടി. വണ്ടിപ്പെരിയാര്‍ 62-ാം മൈല്‍ പള്ളിപ്പടിയിലുള്ള ബന്ധുവീട്ടില്‍ ഇയാള്‍ സ്ഥിരമായി എത്താറുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. തലശ്ശേരിയില്‍ നിന്ന് പുറപ്പെട്ട ഇയാളെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബന്ധുവീട്ടിലെത്തിയതോടെ ഡാന്‍സാഫ് സംഘവും വണ്ടിപ്പെരിയാര്‍ പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു.
ഇയാളുടെ കാറില്‍ നിന്ന് 3.8 ഗ്രാം എംഡിഎംഎ, 10 ഗ്രാമില്‍ അധികം കഞ്ചാവ്, 86,000 രൂപ എന്നിവ കണ്ടെടുത്തു. കണ്ണൂരില്‍ മുന്‍പും ലഹരിക്കേസുകളില്‍ പ്രതിയായ ഇയാളുടെ ഭാര്യയും മുന്‍പ് ലഹരിമരുന്നുമായി അറസ്റ്റിലായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയ്ക്ക് ശേഷം പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.





