അണക്കര ചെല്ലാര്‍കോവിലില്‍ വയോധികയുടെ സ്വര്‍ണ്ണ മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയില്‍; പിടിയിലായത് ചക്കുപള്ളം പയ്യാനിക്കല്‍ മനു കുഞ്ഞുമോന്‍
അണക്കര ചെല്ലാര്‍കോവിലില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ കഴുത്തില്‍ നിന്നും അഞ്ചരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല മോഷ്ടിച്ച പ്രതി പിടിയില്‍. ചക്കുപള്ളം പയ്യാനിക്കല്‍ മനു കുഞ്ഞുമോന്‍ ആണ് പിടിയിലായത്. ചെല്ലാര്‍കോവില്‍ ഞാവള്ളിക്കുന്നേല്‍ മേരിക്കുട്ടിയുടെ സ്വര്‍ണ്ണ മാലയാണ് കഴിഞ്ഞ ദിവസം ഇയാള്‍ പൊട്ടിച്ച് കടന്നു കളഞ്ഞത്. മോഷണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇയാളുടെ ഭാര്യയും പോലീസ് കസ്റ്റഡിയിലാണ്.
സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. തുടര്‍ന്ന് ചക്കുപള്ളത്തെ വീടിന് സമീപത്ത് നിന്നും ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മുന്‍പ് ചക്കുപള്ളം മേഖലയില്‍ നിന്നും ഏലക്ക മോഷണം നടത്തിയ സംഭവത്തിലും പണം മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്. തെളിവെടുപ്പിന് ശേഷം മാല കണ്ടെത്താനായി കൂടുതല്‍ തിരച്ചില്‍ നടത്തുമെന്നും പോലീസ് അറിയിച്ചു.





