ഇടുക്കിയിൽ മീൻ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അതിഥി തൊഴിലാളി മരിച്ചു; ഒരാൾക്ക് പരിക്ക്
ഇടുക്കി കരിങ്കുന്നത്ത് മീൻ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അതിഥി തൊഴിലാളി മരിച്ചു. ആസാം സ്വദേശിയായ ദീപക് ഓറങ്ക് (34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആസാം സ്വദേശി അതിലിന് പരിക്കേറ്റു. കരിങ്കുന്നത്ത് പ്രവർത്തിക്കുന്ന തോട്ടുങ്കൽ ടൈൽസിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്.
സ്ഥാപനത്തിന് പിന്നിലെ പാടത്തിനോട് ചേർന്നുള്ള തോട്ടിൽ നിന്നും മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഫാക്ടറിയോട് ചേർന്നുള്ള മോട്ടോർ പുരയിൽ നിന്നും കേബിൾ വഴി വൈദ്യുതി കണക്ഷനെടുത്ത് മീൻ പിടിക്കാൻ ശ്രമിക്കുമ്പോഴാണ് ദീപകിനും, അതിലിനും ഷോക്കേറ്റത്. സംഭവം നടന്നയുടൻ നാട്ടുകാർ ചേർന്ന് ഇരുവരെയും തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദീപകിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അതിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ദീപകിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കരിങ്കുന്നം പോലീസ് തുടർനടപടികൾ സ്വീകരിച്ചു.





