ഇടുക്കി ജില്ലയിലെ കണ്ടന്റ് ക്രിയേറ്റർമാരുടെ ആദ്യ സംഘടന; ഐ.സി.സി.എം.എ - 26 ന് പ്രവർത്തനമാരംഭിക്കും.
ഇടുക്കി ജില്ലയിലെ കണ്ടന്റ് ക്രിയേറ്റർമാരെയും വ്‌ളോഗർമാരെയും ഒരേ കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട കൂട്ടായ്മയാണ് ഇടുക്കി കണ്ടന്റ് ക്രിയേറ്റേഴ്സ് മീഡിയ അസോസിയേഷൻ (ഐസിസിഎംഎ). ജില്ലയിലെ ആദ്യത്തെ രജിസ്റ്റർ ചെയ്ത കണ്ടന്റ് ക്രിയേറ്റർമാരുടെ സംഘടനയാണ് പ്രവർത്തനം ആരംഭിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ ശക്തി സമൂഹ നന്മയ്ക്കായി പ്രയോജനപ്പെടുത്തുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. നാടിന്റെ വികസന പ്രവർത്തനങ്ങളും സ്വപ്ന പദ്ധതികളും ജനങ്ങളിലേക്ക് കൃത്യമായും ഉത്തരവാദിത്വത്തോടെയും എത്തിക്കുന്നതിനൊപ്പം,ഇടുക്കിയുടെ വിനോദ സഞ്ചാര, കാർഷിക, സാംസ്കാരിക, പൈതൃക മേഖലകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും സംഘടന പ്രതിജ്ഞാബദ്ധമാണ്.ഐ.സി.സി.എം.എയുടെ ഉദ്‌ഘാടനം ജൂലൈ 26 ഞായറാഴ്ച് രാവിലെ 10ന് വള്ളക്കടവ് സിബീസ് ഗാർഡനിൽ ഉടുമ്പൻചോല എം.എൽ.എ അഡ്വ.സേനാപതി വേണു നിർവഹിക്കും.
സാംസ്കാരിക വകുപ്പ് ജില്ല കോർഡിനേറ്റർ എസ്.സൂര്യലാൽ അധ്യക്ഷത വഹിക്കും.മാധ്യമ പ്രവർത്തകൻ എം.സി ബോബൻ ലോഗോ പ്രകാശനം നിർവഹിക്കും.മാധ്യമ പ്രവർത്തകനും വ്‌ളോഗറുമായ ആന്റണി മുനിയറ മുഖ്യ പ്രഭാഷണം നടത്തും.സിതോഷ് കെ.തോമസ്, റിജോയി അടിമാലി,സിബി വർക്കി ചവർണനാൽ,റോബിൻ ചാക്കോ,സിജോമോൻ ജോസ്,ജോജോ കുമ്പളംന്താനം,ആര്യ ബിബിൻ,അലൻസിയ ഷോജിൻ, അജീഷ് ജോർജ്,ദീപു തോമസ് തുടങ്ങിയവർ സംസാരിക്കും. പ്രതിസന്ധികളെ അതിജീവിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ വ്‌ളോഗർമാരെ ചടങ്ങിൽ അനുമോദിക്കും.സമ്മേളനത്തിൽ സംഘടനയുടെ ജില്ല ഭാരവാഹികളെയും തെരഞ്ഞെടുക്കും.
കൂട്ടായ്മയിലൂടെ വിവിധ ജനക്ഷേമ പദ്ധതികൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ, ബോധവൽക്കരണ പരിപാടികൾ, വിദ്യാഭ്യാസ-സന്നദ്ധ സേവന പദ്ധതികൾ എന്നിവ നടപ്പാക്കാനും ഐ.സി.സി.എം.എ ലക്ഷ്യമിടുന്നു.ജില്ലയിലെ കണ്ടന്റ് ക്രിയേറ്റർമാർക്കും വ്‌ളോഗർമാർക്കും പ്രൊഫഷണൽ വളർച്ചയ്ക്കായി പരിശീലന പരിപാടികൾ, ശിൽപശാലകൾ, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, അംഗങ്ങളുടെ ക്ഷേമപദ്ധതികൾ എന്നിവയും സംഘടനയുടെ പ്രവർത്തനങ്ങളുടെ ഭാഗമാകും.സമൂഹത്തിന് ഗുണകരവും വിശ്വാസ്യതയുള്ളതുമായ ഡിജിറ്റൽ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിനും ഐ.സി.സി.എം.എ ലക്ഷ്യമിടുന്നതായി ഭാരവാഹികൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ സിതോഷ് കെ.തോമസ്, റിജോയി അടിമാലി,എസ്.സൂര്യലാൽ, നിഷാദ് വർഗീസ്, അജീഷ് ജോർജ്,അലൻസിയ ഷോജിൻ എന്നിവർ പങ്കെടുത്തു.





