ഓട്ടോ ടാക്സി വർക്കേഴ്‌സ് യൂണിയൻ മേഖലാ വാഹന പ്രചാരണ ജാഥകൾ 22 ന്
ഓട്ടോ ടാക്‌സി ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി ജില്ലാ ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയന്റെ(സിഐടിയു) മേഖലാ വാഹന പ്രചാരണ ജാഥകൾ ബുധനാഴ്‌ച നടക്കും. യൂണിയൻ ജില്ലാ സെക്രട്ടറി എം സി ബിജു ക്യാപ്റ്റനായ ജാഥയിൽ വൈസ് പ്രസിഡൻ്റ് ടി വി ശശി വൈസ് ക്യാപ്റ്റനും ട്രഷറർ എം ലക്ഷ്‌മണൻ മാനേജരുമാണ്. രാവിലെ എട്ടിന് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ ഉദ്ഘാടനംചെയ്യും. ഒമ്പതിന് തങ്കമണി, 10 ന് ഇടുക്കി, 11.30 ന് അടിമാലി, 12.30 ന് ആനച്ചാൽ, 1.30 ന് മൂന്നാർ, 2.30 ന് രാജകുമാരി, 3.30 ന് ശാന്തൻപാറ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം 5.30 ന് നെടുങ്കണ്ടത്ത് സമാപിക്കും. സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി എം ജോൺ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നേതാക്കളായ ബേബിലാൽ, പി കെ ബഷീർ, ഫൈസൽ ജാഫർ, കെ യു ബിനു, ടി എം സുരേഷ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും.
യൂണിയൻ ജില്ലാ പ്രസിഡൻ്റ് കെ ആർ സോദരൻ നയിക്കുന്ന കുമളി മേഖലാ ജാഥയിൽ കെ കെ കെബീർ വൈസ് ക്യാപ്റ്റനും ആർ രവികുമാർ മാനേജരുമാണ്. രാവിലെ എട്ടിന് ചേറ്റുകുഴിയിൽ സിഐടിയു ജില്ലാ പ്രസിഡന്റ് ആർ തിലകൻ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് അണക്കര എട്ടാംമൈൽ, 10 ന് കുമളി, 11 ന് വണ്ടിപ്പെരിയാർ, 12.30 ന് ഏലപ്പാറ, 1.30 ന് മേരികുളം, രണ്ടിന് ഉപ്പുതറ, മൂന്നിന് മൂലമറ്റം, നാലിന് കരിമണ്ണൂർ എന്നിവിടങ്ങളിൽ സ്വീകരണത്തിനുശേഷം അഞ്ചിന് തൊടുപുഴയിൽ സമാപിക്കും. സമാപന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി മേരി ഉദ്ഘാടനം ചെയ്യും. സി ആർ സോമൻ, രാജീവ് കുമളി, ക്രിസ്റ്റി, ജിൽസൺ പീറ്റർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും.
ഇന്ധനവില വർധന പിൻവലിക്കുക, പൊതുവാഹനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ ഇന്ധനം നൽകുക, തൊഴിലാളിദ്രോഹ ലേബർകോഡ് ഉപേക്ഷിക്കുക, മോട്ടോർ തൊഴിലാളികൾക്ക് ഇഎസ്ഐ അനുവദിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ.എം സി ബിജു, കെ ആർ സോദരൻ ഫൈസൽ ജാഫർ, സി ജെ ജോമോൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു





