ചക്കക്കൊമ്പൻ ദൗത്യം വ്യാഴാഴ്ച തുടരും
ചിന്നക്കനാൽ മേഖലയിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തിയ ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ദൗത്യം വ്യാഴാഴ്ചയും തുടരും. ബുധനാഴ്ച ആനയെ മയക്കു വെടി വെക്കുന്നതിനുള്ള നടപടികൾ പൂർത്തിയായെങ്കിലും ദൗത്യം പൂർത്തിയാക്കാനായില്ല. പ്രതികൂല കാലാവസ്ഥയേ തുടർന്ന് ബുധനാഴ്ചത്തെ ദൗത്യം നിർത്തിവെക്കുകയായിരുന്നു.വൈകീട്ട് മൂന്നേമുക്കാലോടെ മൂടൽമഞ്ഞും പ്രതികൂല കാലാവസ്ഥയും സമയവും കണക്കിലെടുത്ത് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചതായി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാർ അറിയിച്ചു.ആനയെ നിരീക്ഷിക്കുന്നത് തുടരും.
ആദ്യ മയക്കു വെടി വെച്ചെങ്കിലും ആന പൂർണമായും മയങ്ങിയില്ല. നിരീക്ഷിച്ചു വരുന്നതിനിടയിൽ ന നാലുമണിയോടെ കാട്ടിലേക്കു ഓടി. തുടർന്ന് മഴ പെയ്തതോടെ ആനയെ പിന്തുടരുന്നത് ദുഷ്കരമായി.ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ ആരംഭിച്ച ദൗത്യം വൈകീട്ടോടെ വിജയത്തിലേക്കെത്തുന്ന ഘട്ടത്തിലാണ് നീട്ടിവെയ്ക്കേണ്ടി വന്നത്.
വനംവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലുള്ള റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ (ആർ.ആർ.ടി), എലിഫന്റ് സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിലെ 140 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്. ആനയിറങ്കൽ ഡാമിന് സമീപം നിലയുറപ്പിച്ചിരുന്ന ആനയെ നിരീക്ഷിച്ച് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റിയശേഷമാണ് മയക്കുവെടിവെച്ചത്. . അതിരാവിലെ തന്നെ ആന നിൽക്കുന്ന സ്ഥലം കണ്ടെത്തി തുടർച്ചയായി നിരീക്ഷിച്ചുവരികയായിരുന്നു . കരമാർഗം നിരീക്ഷിച്ചു നീങ്ങിയ സംഘത്തിന് പുറമേ ആന ഇറങ്കൽ ഡാമിന്റെ റിസർവോയറിൽ ബോട്ടിലൂടെയും നിരീക്ഷണ സംഘം ആനയെ പിന്തുടർന്നു. ഡ്രോൺ ഉപയോഗിച്ച് കൃത്യമായി മനസ്സിലാക്കി വിവരങ്ങൾ കൈമാറി കൊണ്ടിരുന്നു സമീപമുള്ള തുരുത്തിൽ കിടന്ന ആന ഒരു മണിക്കൂറിനു ശേഷം പന്നിയാർ ഭാഗത്തേക്ക് നീങ്ങി പടക്കം പൊട്ടിച്ച് ഇവിടെ നിന്ന് സുരക്ഷിത ഇടത്തിലേക്ക് നീക്കാനുള്ള ശ്രമം ഉദ്യോഗസ്ഥർ തുടർന്നു. പത്തുമണിയോടെ ഭാഗത്ത് ആനയെത്തി 11 മണിയോടെ വീണ്ടും ഡാമിലേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും ബോട്ടിൽ എത്തിയ സംഘം ആനയെ തുരത്തി . പിന്നീട് സിങ്കു കണ്ടത്തിനു സമീപം ഓമനക്കുട്ടി ഭാഗത്തെ പുൽമേട്ടിൽവെച്ച് മയക്കുവെടി വയ്ക്കുകയായിരുന്നു.
മൂന്നാർ ഡി.എഫ്.ഒ സാജു വർഗീസിന്റെ നേതൃത്വത്തിലാണ് ദൗത്യം . നാല് വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെ 24 അംഗ പ്രത്യേക സംഘവും ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. ഡോ. വിഷ്ണു ഓമനക്കുട്ടൻ (വയനാട്), അർജുൻ സി.പി. (മലയാറ്റൂർ), അനൂപ് മാത്യൂസ് (കോട്ടയം), അശ്വിൻ കെ.എസ്. (ഷോള നാഷണൽ പാർക്ക്) എന്നിവരാണ് വെറ്ററിനറി ഡോക്ടർമാർ. വിവിധ àഫോറസ്റ്റ് ഡിവിഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ദൗത്യത്തിൽ പങ്കാളികളായി.ചിന്നക്കനാൽ ഫാത്തിമ മാതാ ഹൈസ്കൂളിൽ പ്രവർത്തിച്ച ബേസ് ക്യാമ്പ് കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
വനം വകുപ്പ് ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഡി.കെ.വിനോദ്കുമാർ, ഡെപ്യൂട്ടി കൺസർവേറ്റർ ജോൺ മാത്യു,അസിസ്റ്റന്റ് കൺസർവേറ്റർമാരായ ജയചന്ദ്രൻ,മുഹമ്മദ് റാഫി, മൂന്നാർ ഡി.എഫ്.ഒ. സാജു വർഗീസ്, ഡി.എഫ്.ഒ.(വിജിലൻസ്) എം. ജി. വിനോദ്കുമാർ എന്നിവർ സ്ഥലത്തെത്തി ദൗത്യത്തിന് നേതൃത്വം നൽകി.വനംവകുപ്പിനൊപ്പം പോലീസ്, റവന്യൂ, അഗ്നിരക്ഷാസേന,ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനവും ദൗത്യത്തിന്റെ വിജയത്തിന് സഹായകമായി.



