കട്ടപ്പനയിൽ ജല്‍ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ഇന്ന് തുടങ്ങും.
കട്ടപ്പനയിൽ ജല്‍ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ഇന്ന് തുടങ്ങും. ടാങ്കും പമ്പ്ഹൗസും നിര്‍മിക്കാന്‍ കല്ലുകുന്നിലെ സ്ഥലത്ത് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ മണ്ണ് പരിശോധന നടത്തും. നഗരസഭ ഭരണസമിതി പേഴുംകവലയിലെ സ്ഥലം വിട്ടുനല്‍കാത്തതിനാലാണ് കല്ലുകുന്നില്‍ പകരം സ്ഥലം കണ്ടെത്തിയത്. നഗരസഭാപരിധിയിലെ മുഴുവന്‍ സ്ഥലങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയെ ഭരണസമിതി അവഗണിച്ചിരുന്നു. തുടര്‍ന്ന്, മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ ജനകീയ സമിതി രൂപീകരിച്ചു.സിപിഐഎം ഏരിയ സെക്രട്ടറി വി ആര്‍ സജിയാണ് ചെയര്‍മാന്‍.
കല്ലുകുന്നിലെ 10 സെന്റ് സ്ഥലത്ത് 10 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കും പമ്പ്ഹൗസും നിര്‍മിക്കും. 50 കോടി രൂപ പദ്ധതിക്ക് അനുവദിച്ചിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലില്‍ കേന്ദ്ര സര്‍ക്കാര്‍ അമൃത് പദ്ധതിയിലൂടെ 15 കോടിയും സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലൂടെ 35 കോടിയുമാണ് അനുവദിച്ചത്.