കൊടുംചൂടിന് ആശ്വാസമായി വേനല്‍ മഴ, ഇന്നും തുടരും; ഉയര്‍ന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനിലയില്‍ യെല്ലോ അലര്‍ട്ടുണ്ട്.
ഉയര്‍ന്ന താപനില പാലക്കാട് ജില്ലയില്‍ 40 °C വരെയും, കൊല്ലം ജില്ലയില്‍ 39 °C വരെയും ഉയര്‍ന്നേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 °C വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
അതിനിടെ, കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴയെത്തി. ഇന്നു മുതല്‍ മഴ കൂടുതല്‍ സജീവമാകുമെന്നും, കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. വേനല്‍മഴ ശക്തമാകുന്നതിന്റെ ഭാഗമായി, ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലര്‍ട്ട്. വ്യാഴാഴ്ച ഇടുക്കിയിലും കോട്ടയത്തും മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.





