ഭൂമി കയ്യേറ്റം; പ്രചാരണം അടിസ്ഥാനരഹിതം, ജില്ലാ കളക്ടർ കോടതിയിൽ സമർപ്പിച്ച സത്യാവങ്മൂലത്തിനെതിരെ സിപിഎം.
അടിമാലി ഏരിയ ലോക്കൽ കമ്മിറ്റി ഓഫിസുകളുടെ കെട്ടിടങ്ങൾ കയ്യേറ്റ സ്ഥലത്താണെന്നു ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർ കോടതിയിൽ സമർപ്പിച്ച സത്യാവങ്മൂലത്തിനെതിരെ സിപിഎം. സംഭവം അടിസ്ഥാനരഹിതമാണെന്ന് അടിമാലി ഏരിയ സെക്രട്ടറി ചാണ്ടി പി. അലക്സാണ്ടർ, ജില്ലാ കമ്മിറ്റി അംഗം ടി.കെ ഷാജി, എം.കമറുദ്ദീൻ എന്നിവർ പറഞ്ഞു. 1983ൽ സ്വകാര്യ വ്യക്തിയിൽനിന്ന് വില കൊടുത്തു വാങ്ങിയ ലൈബ്രറി റോഡിനു സമീപമുള്ള പട്ടയ വസ്തുവിൽ ആണ് ഏരിയ കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്നത്. 1986ൽ സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായി ഇഎംഎസ് നമ്പൂതിരിപ്പാടാണ് ഓഫിസ് ഉദ്ഘാടനം നടത്തിയത്. പിന്നീട് ഇവിടെ ഒരു നിർമാണ പ്രവർത്തനവും നടന്നിട്ടില്ല. ഇതോടൊപ്പം കയ്യേറ്റ ഭൂമിയിലാണ് അടിമാലി ലോക്കൽ കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്നത് എന്നതും വസ്തുതകൾക്ക് നിരക്കാത്തതാണ്.10 വർഷത്തോളമായി സ്വകാര്യ വ്യക്തിയിൽ നിന്ന് വാടകക്ക് എടുത്തിട്ടുള്ള കെട്ടിടമാണിത്. കൃത്യമായ വാടകയും നൽകി വരുന്നുണ്ടെന്നാണ് സിപിഎം നൽകുന്ന വിശദീകരണം.