കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയില്ല; സഹോദരീപുത്രന്‍ വീട് തീയിട്ട് നശിപ്പിച്ചെന്ന് പരാതി
തിരുവനന്തപുരം കണിയാപുരത്ത് കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതില്‍ വീട് തീയിട്ട് നശിപ്പിച്ചെന്ന് പരാതി.
കണിയാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന അമീന - ഷാജഹാന്‍ ദമ്ബതികളുടെ വീടിനാണ് തീയിട്ടത്. അമീനയുടെ സഹോദരിയുടെ മകന്‍ ഫൈസല്‍ ആണ് തീയിട്ടത്. ഫൈസല്‍ പണം ആവശ്യപ്പെട്ട് വീടിന് മുന്നിലെത്തി ബഹളം വെക്കുകയും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഈ വിവരം പോലീസിനെ അറിയിക്കുകയും പോലീസെത്തി ഫൈസലിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
വീടിന് തീയിടുമെന്ന് ആ സമയത്തും ഫൈസല്‍ പോലീസിനോട് പറഞ്ഞിരുന്നു. വീട്ടില്‍ നിന്ന് മാറിതാമസിക്കാന്‍ പോലീസ് അമീനയ്ക്കും ഭര്‍ത്താവിനും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ശേഷം രാത്രി ഫൈസല്‍ വീട്ടിലെത്തി തീയിടുകയായിരുന്നു. ഈ സമയം വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.



