വെള്ളയാംകുടി പള്ളിയിൽ കുർബാന കൂടി റോഷി; പെസഹാ ദിനത്തിൽ ഗൃഹ സന്ദർശനം
ചെറുതോണി: പെസഹാ വ്യാഴാഴ്ച ദിനത്തിൽ പതിവ് പോലെ രാവിലെ തന്നെ കുർബാന കൂടി റോഷി അഗസ്റ്റിന്റെ തുടക്കം. വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന കുർബാനയിലാണ് റോഷി പങ്കുചേർന്നത്.
തുടർന്നു വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ ഗൃഹ സന്ദർശനം നടത്തി സ്ഥാനാർഥി വോട്ട് അഭ്യർത്ഥന നടത്തി. വീടുകളിൽ എത്തി വോട്ടർമാരോട് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് വോട്ട് അഭ്യർത്ഥിച്ചത്. രണ്ട് പഞ്ചായത്തുകളിലെയും ഒട്ടുമിക്ക വീടുകളിലെ വോട്ടർമാരോടും വ്യക്തിപരമായി അടുപ്പം കാത്തു സൂക്ഷിക്കുന്ന ആളാണ് റോഷി. അത് കൊണ്ട് തന്നെ സ്ഥാനാർഥി എന്നതിലുപരി കുടുംബത്തിലെ ഒരാൾ എന്ന മട്ടിലാണ് ജനങ്ങളും അദ്ദേഹത്തെ വരവേൽക്കുന്നത്.
തുടർച്ചയായി 40 ആം വർഷവും മലയാറ്റൂരിലേക്ക് കാൽനടയായി പോകുന്നതിന്റെ വിശേഷങ്ങളും. പലരും സ്ഥാനാർഥിയോട് ചോദിച്ചറിഞ്ഞതും കൗതുകമായി. വൈകിട്ടോടെ ചക്കാമ്പുഴയിലെ തറവാട്ടിൽ നിന്നാണ് റോഷി അഗസ്റ്റിനും സംഘവും മലയാറ്റൂരിലേക്ക് കാൽനടയായി യാത്ര തിരിച്ചത്.



