തുരങ്കപാത കട്ടപ്പനയുടെ മുഖച്ഛായ മാറ്റും: റോഷി.മണ്ഡല പര്യടന ജാഥയ്ക്ക് കട്ടപ്പനയില്‍ സമാപനം
കട്ടപ്പന: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു പോലും മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരെന്ന് ഇടുക്കി നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍. മണ്ഡല പര്യടനത്തിന്റെ ഭാഗമായി കട്ടപ്പനയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വയനാട് തുരങ്കപാത പ്രഖ്യാപിച്ചപ്പോള്‍ വെറും വാഗ്ദാനമെന്നാണ് പരിഹസിച്ചത്. പ്രവൃത്തി തുടങ്ങിയതോടെ പലരും മൗനം അവലംബിച്ചു. അതുകൊണ്ടുതന്നെ കട്ടപ്പന - തേനി തുരങ്കപാതയുടെ പ്രഖ്യാപനം വന്നപ്പോള്‍ പരിഹസിക്കാന്‍ തുനിഞ്ഞില്ല. ഈ തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതോടെ ഹൈറേഞ്ചിന്റെ വികസനത്തില്‍ പുതിയ അധ്യായത്തിന് തുടക്കമാകും. കട്ടപ്പനയിലെ കാര്‍ഷിക വ്യാപാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വുണ്ടാകും. ടൂറിസം സാധ്യതകള്‍ വര്‍ധിക്കുന്നതിനോടൊപ്പം ശബരിമല -വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ക്കും പാത ഏറെ പ്രയോജനപ്പെടുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
പട്ടയ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിച്ചതോടെ കട്ടപ്പനയിലെ അടക്കം ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായി. എന്നാല്‍ ഇതിന്റെ പേരില്‍ നുണ പ്രചരിപ്പിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതു കൊണ്ടു പട്ടയ നടപടികള്‍ മുന്നോട്ടു പോകാത്തത് വളച്ചൊടിക്കാനാണ് ശ്രമിക്കുന്നത്. പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തിരഞ്ഞെടുപ്പിന് ശേഷം അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം ലഭിക്കും. ഇടുക്കി ജില്ലയുടെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും വാസയോഗ്യമല്ലെന്ന് ചിലര്‍ കണ്ടെത്തുകയും പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ ഇവിടുത്തെ കുടിയേറ്റ ജനതയെ ചേര്‍ത്തു പിടിച്ചു മുന്നോട്ടു പോകാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിച്ചതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
രാവിലെ മേപ്പാറയില്‍ ആരംഭിച്ച പര്യടനം 28 പോയിന്റുകളിലൂടെയാണ് കടന്നു പോയത്. മേപ്പാറയിലെ ജനങ്ങള്‍ സിന്ദൂര തിലകം ചാര്‍ത്തി പട്ട് ഷാള്‍ പുതപ്പിച്ചാണ് സ്ഥാനാര്‍ഥിയെ ആനയിച്ചത്. വലിയ ജനക്കൂട്ടമാണ് ഒട്ടുമിക്ക പോയിന്റുകളിലും റോഷി അഗസ്റ്റിനെ സ്വാഗതം ചെയ്തത്. ചുരുക്കം വാക്കുകളില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു അടുത്ത പോയിന്റിലേക്ക് കുതിക്കുകയായിരുന്നു സ്ഥാനാര്‍ഥി. ഇന്നലത്തെ പര്യടനം മേപ്പാറയില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.ആര്‍. സജി ഉദ്ഘാടനം ചെയ്തു. വൈകിട്ട് കട്ടപ്പനയില്‍ നടന്ന സമാപന സമ്മേളനം കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അലക്‌സ് കോഴിമല ഉദ്ഘാടനം ചെയ്തു.



