പെസഹാ ദിനത്തില്‍ പതിവ് തെറ്റിക്കാതെ റോഷി,കാല്‍നടയായി മലയാറ്റൂരിലേക്ക്- 40 ാം വര്‍ഷവും തീര്‍ത്ഥാടനത്തിന് തയാറെടുത്ത് ഇടുക്കിയിലെ ഇടതു സ്ഥാനാര്‍ത്ഥി
ചെറുതോണി: തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്ക് അവധി കൊടുത്ത് ഇടുക്കി നിയോജക മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍ പതിവ് തെറ്റിക്കാതെ കാല്‍നടയായി മലയാറ്റൂര്‍ മല ചവിട്ടും. ഇതു 40 ാം വര്‍ഷമാണ് റോഷിയുടെ മലയാറ്റൂര്‍ മല ചവിട്ടത്. പത്താം ക്ലാസ് പരീക്ഷയ്ക്കു ശേഷമുള്ള അവധിക്ക് കാല്‍ നടയായി മലയാറ്റൂരിലേക്ക് തുടങ്ങിയ യാത്രയ്ക്ക് തിരഞ്ഞെടുപ്പ് കാലത്തു പോലും അവധി നല്‍കിയിട്ടില്ല. ഇക്കുറിയും ആ പതിവ് തുടരാന്‍ തന്നെയാണ് സ്ഥാനാര്‍ഥിയുടെ തീരുമാനം. അടുത്ത ചില ബന്ധുക്കളും സുഹൃത്തുക്കളും റോഷിയുടെ സംഘത്തിലുണ്ടാകും.
1985 ല്‍ തുടങ്ങിയ യാത്ര കഴിഞ്ഞ മുടങ്ങിയത് കൊവിഡ് കാലത്ത് ഒരിക്കല്‍ മാത്രമാണ്. ഇക്കാലയളവിലെല്ലാം യാത്രയ്ക്ക് ഭംഗം വരുത്താതെ വഴി നടത്തിയത് വിശ്വാസ തീഷ്ണത ഒന്ന് മാത്രമാണെന്ന് റോഷി പറയുന്നു. വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം ആണ് ഈ യാത്ര സമ്മാനിക്കുന്നതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
മുമ്പ് പുതു ഞായറാഴ്ച ആയിരുന്ന മലയാറ്റൂര്‍ യാത്ര, 1996 ല്‍ പേരാന്പ്രയില്‍ സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പു ചൂടിലായി. ഇതോടെ യാത്ര പെസഹാ ദിവസത്തേക്ക് മാറ്റി. ചക്കാമ്പുഴയിലെ തറവാട്ട് വീട്ടില്‍നിന്നു പെസഹ അപ്പം മുറിച്ചതിനു ശേഷമാണ് യാത്ര തിരിക്കുന്നത്. അമ്മ ലീലാമ്മ കൊന്ത നല്‍കി അനുഗ്രഹിക്കും.
പത്താം ക്ലാസില്‍ തുടക്കം
പാലാ ചക്കാമ്പുഴ ലൊരേത്ത്മാതാ പള്ളിയില്‍ നിന്ന് മലയാറ്റൂര്‍ മല കയറാന്‍ നടന്നു പോകുന്നത് പതിവ് ഉണ്ടായിരുന്നു. വികാരിയച്ചന്റെ നേതൃത്വത്തിലുള്ള കാല്‍നട യാത്രാസംഘത്തില്‍ ചെറുപുഷ്പ മിഷന്‍ലീഗില്‍ അംഗമായാണ് യാത്രയുടെ തുടക്കം. പത്തും ഇരുപതും വര്‍ഷമായി നടക്കുന്നവര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. 'ചിലര്‍ എന്തെങ്കിലും നേര്‍ച്ചയുടെ ഭാഗം ആയിട്ടാണ് മല ചവിട്ടുന്നത്. എനിക്ക് അത്തരം നേര്‍ച്ചകള്‍ ഒന്നും ഒരുകാലത്തും ഉണ്ടായിരുന്നില്ല. ദൈവത്തില്‍ മനസ്സ് അര്‍പ്പിച്ച് പീഡാനുഭവ സ്മരണയില്‍ യാത്ര തുടരുകയാണ്.' - റോഷി പറയുന്നു.
ഓരോരുത്തരുടെയും വിശ്വാസം സമൂഹത്തിന് കൂടി ഗുണകരം ആകണം എന്ന ചിന്ത ആണ് എന്നെ നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 'ജാതി മത ചിന്തകള്‍ക്ക് അതീതമായി സമൂഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക ആണ് നമ്മുടെ കടമ. എന്റെ വിശ്വാസം ഒരിക്കലും മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിച്ച് കൊണ്ട് ആകരുത് എന്ന് എനിക്ക് നിര്‍ബന്ധം ഉണ്ട്. യേശു ക്രിസ്തു നമ്മെ പഠിപ്പിക്കുന്നതും അത് തന്നെ ആണ്.'- റോഷിയുടെ വാക്കുകളില്‍ ആത്മീയ ചൈതന്യം.



