ഓണം വാരാഘോഷം ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 2 വരെ; ജില്ലാതല ഉദ്ഘാടനം ചെറുതോണിയില്‍
ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും വിപുലമായ പരിപാടികള്‍
ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ആഗസ്റ്റ് 26 ന് ചെറുതോണിയില്‍ തുടക്കമാകും. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യപാരി വ്യവസായി സംഘടനകള്‍ എന്നിവ സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ആഗസ്റ്റ് 26 ശനിയാഴ്ച 2.45 ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ചെറുതോണിയില്‍ പതാക ഉയര്‍ത്തും. വൈകിട്ട് മൂന്ന് മണിക്ക് ചെറുതോണി സപ്ലൈകോ മാര്‍ക്കറ്റില്‍ നിന്നും സെന്‍ട്രല്‍ ജംഗ്ഷനിലേക്ക് വിപുലമായ ഘോഷയാത്ര സംഘടിപ്പിക്കും. ഗരുഡന്‍ പറവ, ചെണ്ടമേളം, മഹാബലി തുടങ്ങി വിവിധ കലാരൂപങ്ങള്‍ ഘോഷയാത്രക്ക് മിഴിവേകും. തുടര്‍ന്ന് നാല് മണിക്ക് ചെറുതോണി ടൗണില്‍ നടക്കുന്ന പൊതുസമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷത വഹിക്കും. അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി ഓണസന്ദേശം നല്‍കും.
എംഎല്‍എമാരായ എം എം മണി, വാഴൂര്‍ സോമന്‍, എ രാജ, പി.ജെ ജോസഫ് എന്നിവര്‍ സന്നിഹിതരാകും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് സ്വാഗതവും ഇടുക്കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍ കൃതജ്ഞതയും പറയും. 27 ന് ഇടുക്കി ഐഡിഎ മൈതാനത്ത് രാവിലെ 9.30 ന് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. 28 ന് രാവിലെ 9 മണിക്ക് ചെറുതോണി ജില്ലാ വ്യാപാര ഭവന്‍ ഹാളില്‍ അത്തപ്പുക്കള മത്സരം നടക്കും. വൈകിട്ട് 6 മണി മുതല്‍ വടംവലി മത്സരം അരങ്ങേറും.
ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും വിപുലമായ പരിപാടികളാണ് ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 2 വരെ സംഘടിപ്പിക്കുന്നത്. ഘോഷയാത്ര, പുലികളി, ചെണ്ടമേളം, ആദിവാസി കലാരൂപങ്ങള്‍, കഥകളി, ഭരതനാട്യം, തിരുവാതിരകളി, അത്തപ്പൂക്കള മത്സരം, വടംവലി മത്സരം, ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ വിവിധയിനം നാടന്‍ കലാ-കായിക മത്സരങ്ങള്‍ എന്നിവ അരങ്ങേറും. ദേവികുളം മണ്ഡലത്തില്‍ 26, 27 തീയതികളിലാണ് ഓണം വാരാഘോഷം. 27 ന് രണ്ട് മണിക്ക് മൂന്നാറില്‍ വിപുലമായ ഘോഷയാത്ര സംഘടിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം എ.രാജ എംഎല്‍ എ ഉദ്ഘാടനം ചെയ്യും.
പീരുമേട് നിയോജക മണ്ഡലതല ഓണം വാരാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 27 ന് ഉച്ചക്ക് രണ്ടിന് കുമളി ഹോളി ഡേ ഹോമില്‍ നിന്ന് സാംസ്‌കാരിക റാലി സംഘടിപ്പിക്കും. തുടര്‍ന്ന് നാല് മണിക്ക് നടക്കുന്ന പൊതുസമ്മേളനം വാഴൂര്‍ സോമന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്യും. തൊടുപുഴ നിയോജക മണ്ഡലത്തില്‍ ആഗസ്റ്റ് 30 വൈകിട്ട് 5.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പി ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ജില്ലാതല ഓണം വാരാഘോഷത്തിന്റെ സമാപനം ഉടുമ്പന്‍ചോല മണ്ഡലത്തില്‍ സെപ്റ്റംബര്‍ രണ്ടിന് സംഘടിപ്പിക്കും. വൈകിട്ട് മൂന്നിന് നെടുങ്കണ്ടം ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് സാംസ്‌കാരിക റാലി സംഘടിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. എം.എം മണി എംഎല്‍എ അധ്യക്ഷത വഹിക്കും. അഡ്വ.ഡീന്‍ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് മുഖ്യാതിഥിയാകും.