നഷ്ടപ്പെട്ട പണം തിരികെ നല്കി: മാതൃകയായി ഉപ്പുതറയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ
നഷ്ടപ്പെട്ട പണം തിരികെ നല്കി. മാതൃകയായി ഉപ്പുതറയിലെ ഓട്ടോ ഡ്രൈവർമാർ.എ.ടി.എം. മെഷിനിൽ നിന്നും ലഭിച്ച 10,000 രൂപ ഉടമസ്ഥന് നൽകി ഓട്ടോ റിക്ഷ തൊഴിലാളികൾ മാതൃകയായി .ഉപ്പുതറ പാലം ജംങ്ഷനിലെ ഓട്ടോ റിക്ഷ തൊഴിലാളികളായ ഷൈജു, സബിൻ, സജി, ദിനീഷ് എന്നിവരാണ് കീരിക്കര സ്വദേശി ദിപുവിന് പണം തിരികെ നൽകി നന്മയുടെ പ്രതീകമായത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് പണം പിൻവലിക്കാൻ ദീപു ഫെഡറൽ ബാങ്കിന്റെ ഉപ്പുതറ ശാഖയുടെ എ.ടി.എം. കൗണ്ടറിൽ എത്തിയത്. കാർഡ് മെഷിനിലിട്ട് പിൻ നമ്പർ അടിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും പണം കിട്ടിയില്ല. അൽപ്പ നേരം കഴിഞ്ഞപ്പോൾ പണം അക്കൗണ്ടിൽ നിന്നും നഷ്ടമായതായി ഫോണിൽ സന്ദേശമെത്തി. വീണ്ടും കുറേ നേരം കാത്തു നിന്നിട്ടും പണം കിട്ടിയില്ല.
സാധാരണ സംഭവിക്കാറുള്ളതു പോലെ രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ പണം തിരികെ അക്കൗണ്ടിൽ കയറുമെന്നും, അതല്ലങ്കിൽ അതിനു ശേഷം ബാങ്കിൽ പരാതി നൽകാം എന്നു കരുതി മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ ഏഴരയോടെ ഷൈജുവും കൂട്ടുകാരും പണം പിൻവലിക്കാനെത്തി. ഈ സമയം രൂപ മിഷന്റെ കവാടത്തിലിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് , മുൻപ് പണം പിൻവലിക്കാൻ കൗണ്ടറിൽ വന്നവരുടേതാണെന്നു മനസിലായി.
10000 രൂപയുണ്ടന്ന് എണ്ണി ബോധ്യപ്പെടുകയും, തിങ്കളാഴ്ച രാവിലെ തുക ബാങ്ക് മാനേജരെ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം നൽകി. വിവരമറിഞ്ഞ് ദീപു വ്യാഴാഴ്ച രണ്ടു മണിയോടെ ബാങ്കിലെത്തി. തുടർന്ന് ബാങ്ക് മാനേജർ ഓട്ടോ റിക്ഷ തൊഴിലാളികളെ വിളിച്ചു വരുത്തി. മാനേജരുടെ സാന്നിധ്യത്തിൽ ദീപുവിന് ഷൈജു പണം കൈമാറി.ഓട്ടോ റിക്ഷ തൊഴിലാളികളോട് ദീപു നന്ദി പറഞ്ഞു. തൊഴിലാളികളുടെ സൽപ്രവൃത്തിയെ ബാങ്ക് മാനേജർ പി ആർ . ആതിര അഭിനന്ദിച്ചു.