വീടിനോട് ചേർന്നുള്ള പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ കട്ടപ്പനയിൽ ഒരാൾ അറസ്റ്റിൽ
വീടിനോട് ചേർന്നുള്ള പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ കട്ടപ്പനയിൽ ഒരാൾ അറസ്റ്റിൽ .ജാർഖണ്ഡ് സ്വദേശിയാണ് എക്സ്സൈസ് സംഘത്തിന്റെ വലയിലായത് .ഇടുക്കി എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.ഇരട്ടയാർ നത്തുകല്ലിൽ വീടിനോട് ചേർന്നുള്ള കുരുമുളക് തോട്ടത്തിലാണ് എട്ട് കഞ്ചാവ് ചെടികൾ വളർത്തിയത്. ജാർഖണ്ഡ് ലാൽമാട്ടിയ സ്വദേശി മാസ്റ്റർ കിസ്കുവാണ് അറസ്റ്റിലായത്. കുറുമണ്ണിൽ സാലുവെന്ന തോമസ് വർഗ്ഗീസ് എന്നയാളുടെ പുരയിടത്തിലായിരുന്നു ചെടികൾ. ഇയാളുടെ തൊഴിലാളിയാണ് കിസ്കു.തോമസാണ് കഞ്ചാവ് തൈകൾ നൽകി പുരയിടത്തിൽ നട്ടുപരിപാലിക്കുവാൻ നിർദ്ദേശിച്ചതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ഒളിവിൽ പോയ ഇയാൾക്കായി എക്സൈസ് സംഘം അന്വേഷണം ഊർജിതമാക്കി.
52 മുതൽ 102 സെന്റീമീറ്റർ വരെ ഉയരമുള്ള കഞ്ചാവ് ചെടികൾക്ക് ഒന്നരമാസത്തിലേറെ വളർച്ചയുണ്ട്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി കെ സുരേഷ്, പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ സലാം, ജയൻ പി ജോൺ, സജിമോൻ ജി തുണ്ടത്തിൽ,സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് എബ്രഹാം, പി കെ ബിജുമോൻ , സി എൻ ജിൻസൺ, എക്സൈസ് ഡ്രൈവർ ഷിജോ അഗസ്റ്റിൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.