പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മംഗളാ ദേവി ക്ഷേത്രത്തിൽ ചിത്രപൗർണ്ണമി ഉത്സവം നടന്നു
പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മംഗളാ ദേവി ക്ഷേത്രത്തിൽ ചിത്രപൗർണ്ണമി ഉത്സവം നടന്നു.കേരള-തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക്, വർഷത്തിലൊരിക്കൽ മാത്രമാണ് ഭക്തർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ചിലപ്പതികാരത്തിലെ കണ്ണകി - കോവലൻ കഥയാണ് മംഗളാ ദേവി ക്ഷേത്രത്തിന്റെ ഐതിഹ്യം.മധുര നഗരം ചുട്ടെരിച്ച ശേഷം കണ്ണകി മംഗളാ ദേവിയിലെത്തിയെന്നും, കാളി രൂപം പ്രാപിച്ച കണ്ണകിയെ മംഗളാ ദേവിയിൽ കുടിയിരുത്തിയെന്നുമാണ് വിശ്വാസം. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലക്ക് ചിത്രപൗർണ്ണമി ദിവസം മാത്രമാണ് ഭക്തർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത് . മലയാളം - തമിഴ് ഭാഷകളിൽ പൂജകൾ ഉണ്ടായിരുന്നു. ആദ്യ കാലങ്ങളിൽ ക്ഷേത്രം സംരക്ഷിച്ചു പോന്ന പൂഞ്ഞാർ രാജകുടുംബാംഗങ്ങളും ക്ഷേത്ര ദർശനത്തിനായി എത്തി.ക്ഷേത്രത്തിൽ നിത്യപൂജയടക്കം ആരംഭിക്കണമെന്ന് പൂഞ്ഞാർ രാജകുടുംബാംഗം ദിലീപ് കുമാർ വർമ്മ പറഞ്ഞു. ഉത്സവത്തോട് അനുബന്ധിച്ചുള്ള യോഗങ്ങളിൽ തങ്ങളെ അവഗണിച്ചതായി ഹൈന്ദവ സംഘടനകൾ ആരോപിച്ചു.
ഉത്സവത്തോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് വനപാതയിലും ക്ഷേത്ര പരിസരത്തും ഒരുക്കിയിരുന്നത്.ഭക്തജനങ്ങള്‍ക്കായി കുടിവെള്ളം, ടോയ്ലറ്റ് സൗകര്യം എന്നിവ വനം വകുപ്പ് ക്രമീകരിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ക്ലിനിക്ക്, ആംബുലന്‍സ്, അഗ്നിസുരക്ഷാസേന , പോലീസ് തുടങ്ങിയവയുടെ സേവനങ്ങളും ഒരുക്കി.
കേരള- തമിഴ്നാട് പോലീസ്, റവന്യു, വനം വകുപ്പുകൾ സംയുക്തമായാണ് ചിത്രാപൗര്‍ണ്ണമി ഉത്സവത്തിന് നേതൃത്വം നല്‍കിയത്.