തങ്കമ്മയെ അപായപ്പെടുത്തിയോ? പാമ്പനാറിലെ 93 കാരിയെ കാണാതായിട്ട് ഒരു മാസം
ഇടുക്കി: പാമ്പനാർ റാണി കോവിലിൽ നിന്നും 93 കാരിയെ കാണാതായിട്ട് ഒരു മാസം കഴിഞ്ഞും കണ്ടെത്താനായില്ല. റാണി കോവിൽ മണലും പുറം വീട്ടിൽ തങ്കമ്മ ഗോപാലനെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പീരുമേട് ഡി വൈ എസ് പി ജെ കുര്യാക്കോസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ വിഷു ദിനത്തിലാണ് റാണി കോവിൽ പുതുവൽ സ്വദേശിനിയായ മണലുംപുറം വീട്ടിൽ തങ്കമ്മ ഗോപാലനെ കാണാതാകുന്നത്. റാണി കോവിലിലുള്ള മകളുടെ ഒപ്പമാണ് തങ്കമ്മ താമസിച്ചിരുന്നത്. വിഷുവിന് സമീപത്തെ അമ്പലത്തിലെ അന്നദാനത്തിന് കുടുംബ സമേതം എത്തിയിരുന്നു. വീട്ടിൽ തിരികെ എത്തിയ ശേഷം ഇവരെ കാണാതായെന്നാണ് ബന്ധുക്കൾ പറയുന്നത്. പരാതിയിൽ പീരുമേട് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി. കണ്ടെത്താനാകാതെ വന്നതോടെ പീരുമേട് ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. തുടർന്ന് പൊലീസിൻറെ നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൂന്നു തവണ പൊലീസ് നായകളെ സ്ഥലത്തെത്തിച്ച് തെരച്ചിൽ നടത്തി.
സംഭവ ദിവസം തങ്കമ്മയെ മകളും മരുമകനും ചേർന്ന് പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച് ഫോട്ടോയെടുത്തതായി പൊലീസിന് വിവരം ലഭിച്ചു. സ്വത്ത് തകർക്കമാണോ സംഭവത്തിനു പിന്നിലെന്നും സംശയമുണ്ട്. ബന്ധുക്കളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. നിരവധി പേരെ ഇതിനകം ചോദ്യം ചെയ്തു. അന്വേഷണത്തിൻറെ ഭാഗമായി ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ തങ്കമ്മയെ ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.