എല്ലാവര്‍ക്കും ആരോഗ്യ സംരക്ഷണം ഉറപ്പാക്കൽ സര്‍ക്കാര്‍ നയം: മന്ത്രി വീണാ ജോര്‍ജ്
ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു
എല്ലാവര്‍ക്കും ആരോഗ്യസംരക്ഷണം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ആരോഗ്യം വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു കൊണ്ട് ഇടമലക്കുടി സൊസൈറ്റിക്കുടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി .
മികച്ച ചികില്‍സയും ആരോഗ്യ സേവനവും ജനങ്ങളുടെ അവകാശമാണെന്ന സര്‍ക്കാര്‍ നയത്തിന്റെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായാണ് ഇടമലക്കുടിയില്‍ കുടുംബാരോഗ്യം സ്ഥാപിച്ചത്. സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ ആശുപത്രിയാണ്. അവിടെ മികച്ച അടിസ്ഥാന സൗകര്യങ്ങളും സേവനവും ഉറപ്പാക്കല്‍ ഒരു യജ്ഞം പോലെ നടപ്പാക്കുകയാണ് സര്‍ക്കാര്‍. ഇടമലക്കുടിയിലെ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവരുടെയും ആരോഗ്യം സര്‍ക്കാരിന് സുപ്രധാനമാണ്. അതുകൊണ്ടാണ് സംസ്ഥാനത്ത് തന്നെ ഈ സര്‍ക്കാര്‍ ആദ്യമായി 16 സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ട് ഇടമലക്കുടിയില്‍ കുടുംബാരോഗ്യ കേന്ദ്രവും ചട്ടമൂന്നാറില്‍ പ്രാഥമികാരോഗ്യവും സ്ഥാപിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഇടമലക്കുടിക്കാരുടെ ആവശ്യങ്ങളും സ്വപ്‌നങ്ങളും ഒന്നൊന്നായി സര്‍ക്കാര്‍ നിറവേറിക്കൊണ്ടിരിക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിക്ക് പ്രത്യേക പ്രൊജക്ട് വെച്ച് വൈദ്യുതി എത്തിക്കാനായി. പിന്നീട് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇടമലക്കുടിക്കാര്‍ക്ക് ആരോഗ്യസുരക്ഷ ഉറപ്പാക്കാനായി സ്ഥിരം ജീവനക്കാരെ നിയമിച്ചുകൊണ്ട് കുടുംബാരോഗ്യ കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 18.5 കോടി രൂപ ചെലവില്‍ ഇടമലക്കുടിയിലേക്കുള്ള റോഡ് നിര്‍മാണവും ഈ മാസം 29 ന് ആരംഭിക്കുകയാണ്. ഇടമലക്കുടി നിവാസികളുടെ യാത്രാ ബുദ്ധിമുട്ടുകളും അതോടെ പരിഹരിക്കപ്പെടും. മൂന്നാറില്‍ മികച്ച സൗകര്യങ്ങളോടെ ഈ വര്‍ഷം തന്നെ ആശുപത്രി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ അഡ്വ. എ രാജ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഇടമലക്കുടിക്കാര്‍ക്കിത് ചരിത്ര നിമിഷമാണെന്ന് എം എല്‍ എ പറഞ്ഞു.
2250 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 1.25 കോടി രൂപ ചെലവഴിച്ച് കെട്ടിടം ഉള്‍പ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളൊരുക്കിയാണ് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഒ പി വിഭാഗം, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ഫാര്‍മസി, ഡോക്ടേഴ്‌സ് റും, കാത്തിരിപ്പ് കേന്ദ്രം, ഓഫിസ് മുറി, ശുചിമുറി തുടങ്ങി എല്ലാവിധ സൗകര്യങ്ങളും കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.
കുടുംബാരോഗ്യകേന്ദ്രമായി മാറുമ്പോള്‍ ചികിത്സയോടൊപ്പം, ലാബ് പരിശോധനകള്‍, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കുട്ടികളുടെ കുത്തിവെയ്പ്പ് എന്നിവ ലഭ്യമാകും. ഒരു മാസത്തിനുള്ളില്‍ അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികളെ ചികിത്സയ്ക്കായി മൂന്നാറില്‍ എത്തിക്കുന്നതിനായി ഫോര്‍ വീല്‍ ഡ്രൈവുള്ള ജീപ്പും ജീവനക്കാര്‍ക്ക് ഇടമലക്കുടിയില്‍ താമസിക്കുന്നതിനായി ക്വാര്‍ട്ടേഴ്സ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മൂന്നാര്‍ ടൗണില്‍ നിന്നും 36 കിലോമീറ്റര്‍ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഇടമലക്കുടിയില്‍ 20ലധികം കിലോമീറ്റര്‍ കാല്‍ നടയായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നേരത്തെ കുട്ടികളുടെ കുത്തിവെയ്പ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തങ്ങള്‍ക്കായി എത്തിയിരുന്നത്. ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാനായി സര്‍ക്കാര്‍ നടത്തിയ തുടര്‍ച്ചയായ ഇടപെടലുകളുടെ ഫലമാണ് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം യാഥാര്‍ത്ഥ്യമായത്.
രാവിലെ ഏഴിന് മൂന്നാറില്‍ നിന്ന് യാത്ര തിരിച്ച മന്ത്രി 11 മണിയോടെയാണ് ദുര്‍ഘടമായ പാതകള്‍ താണ്ടി ഇടമലക്കുടിയിലെത്തിയത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്ത ശേഷം നാട മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷയ രോഗ ബോധവത്കരണത്തിന് ജില്ലാ ടി ബി ഓഫീസര്‍ ഡോ. സെന്‍സി ബിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഇടമലക്കുടി-ആരോഗ്യയാത്രാവിവരണ ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പ്രകാശനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.
ഉദ്ഘാടന ചടങ്ങില്‍ ഇടമലക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയലക്ഷമി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍ദാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ, മനോജ് എല്‍, ഡിപിഎം ഡോ. കെ അനൂപ് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ സഖില്‍ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.