റോട്ടറി വിദ്യാഭ്യാസ പ്രദർശന മേള വെള്ളിയാഴ്ച കട്ടപ്പനയിൽ
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ വിദ്യാഭ്യാസ പ്രദർശന മേള വെള്ളിയാഴ്ച കട്ടപ്പന പള്ളിക്കവലയിലുള്ള സി എസ് ഐ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇന്ത്യയിലെയും വിദേശത്തെയും ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച് നേരിട്ട് അറിയുവാൻ സാധിക്കുന്ന ഈ മേള വെള്ളിയാഴ്ച രാവിലെ 9:30 ന് ചലച്ചിത്ര താരവും അവതാരകനുമായ ശ്രീ ജീവ തോമസ് ഉദ്ഘാടനം ചെയ്യും. കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ഷൈനി സണ്ണി യുടെ ആദ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ജില്ലയിലെ ഏറ്റവും വലിയ മേളയായി ഒരുക്കിയിരിക്കുന്ന ഈ വിദ്യാഭ്യാസ എക്സ്പോയിൽ 50 ഓളം സ്ഥാപനങ്ങൾ പങ്കെടുക്കുന്നു. ബാങ്ക് വായ്പ സൗകര്യങ്ങളെ കുറിച്ച് നേരിട്ട് അറിയുവാൻ പ്രമുഖ ബാങ്കുകളുടെ സ്റ്റാളുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്. പ്ലസ്ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്ക് ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച് മേളയിൽ പങ്കെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ സന്ദർശിച്ച് നേരിട്ട് വിവരങ്ങൾ അറിയാവുന്നതാണ്.
മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പത്തു പേർക്ക് സൗജന്യ IELTS പഠനം, അഞ്ചുപേർക്ക് സൗജന്യ ജർമൻ ഭാഷാ പഠനം, അഞ്ചുപേർക്ക് സൗജന്യ സ്റ്റഡി എബോഡ് രജിസ്ട്രേഷൻ, പ്ലസുവിന് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ എൻട്രൻസ് എക്സാം റാങ്ക് ലിസ്റ്റിൽ ഉള്ള ഒരാൾക്ക് സൗജന്യ എൻജിനീയറിങ് പഠനം, ഒരാൾക്ക് കുടുംബത്തോടൊപ്പം സൗജന്യ ഹൗസ് ബോട്ട് സവാരി, വിദേശത്തേക്ക് ഉന്നത പഠനത്തിനായി പോകുന്ന ഒരാൾക്ക് സൗജന്യ വിമാന ടിക്കറ്റ് തുടങ്ങി നിരവധി ഓഫറുകളും ഈ പ്രദർശനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു.
ഏകദിന വിദ്യാഭ്യാസ പ്രദർശന മേളയുടെ സമാപന സമ്മേളനം വൈകിട്ട് ആറുമണിക്ക് നടക്കും. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ പ്രസിഡണ്ട് ശ്രീ പ്രിൻസ് ചെറിയാന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ ശ്രീ രാജേഷ് നാരായണൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തോട് അനുബന്ധിച്ച് വൈകിട്ട് 6 30ന് ആനവണ്ടി മ്യൂസിക് ബാന്റിന്റെ മ്യൂസിക്കൽ ഷോയും നടത്തപ്പെടും.
ഇന്ത്യയിലെയും വിദേശത്തേയും ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും വായ്പ സൗകര്യങ്ങളെക്കുറിച്ചും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും പ്രതിനിധികളുമായി നേരിട്ട് സംസാരിക്കുവാൻ സൗകര്യമൊരുക്കിയിരിക്കുന്ന ഈ മേള വളരെ ഗുണപ്രദമായിരിക്കും എന്നും, ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം എന്നും റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ഭാരവാഹികൾ ശ്രീ പ്രിൻസ് ചെറിയാൻ, ശ്രീ ജോസ് മാത്യു, ശ്രീ വിജി ജോസഫ്, ശ്രീ ഷിനു ജോൺ, ശ്രീ സന്തോഷ് ദേവസ്യ, ശ്രീ ജിതിൻ കൊല്ലംകുടി, എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.