തൊടുപുഴ താലൂക്ക് അദാലത്തില്‍ 102 പരാതികളില്‍ തല്‍സമയ തീര്‍പ്പ് ; അദാലത്ത് വേദിയില്‍ കൈമാറിയത് അഞ്ച് പട്ടയങ്ങള്‍
നടപടിക്രമങ്ങളിൽ കുരുങ്ങിയ സര്‍ക്കാര്‍ സഹായങ്ങള്‍ മുതല്‍ വഴിത്തര്‍ക്കം വരെയുള്ള സാധാരണമനുഷ്യരുടെ ജീവല്‍ പ്രശ്നങ്ങള്‍ക്ക് കരുതലും കൈത്താങ്ങുമൊരുക്കി ജില്ലയിലെ താലൂക്ക് അദാലത്തുകള്‍ക്ക് തുടക്കം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി താലൂക്ക് തലങ്ങളില്‍ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' അദാലത്തില്‍ ഇടുക്കി ജില്ലയിലെ ആദ്യ അദാലത്ത് തൊടുപുഴ താലൂക്കില്‍ നടന്നു. ഓണ്‍ലൈനായി ലഭിച്ച 353 പരാതികളാണ് ഇവിടെ പരിഗണിച്ചത്. ഇതില്‍ 102 പരാതികള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും സഹകരണ-രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവനും നേതൃത്വം നല്‍കിയ അദാലത്ത് അന്തിമ തീര്‍പ്പൊരുക്കി.
അദാലത്ത് വേദിയിൽ തന്നെ 5 പേര്‍ക്ക് മന്ത്രിമാര്‍ പട്ടയം കൈമാറി. പുതുപ്പരിയാരം സ്വദേശി സാജു കെ വി, കാളിയാര്‍ ദേവസ്യ, അരിക്കുഴ ശശി, കുമാരമംഗലം സിജി കരുണാകരന്‍, വണ്ണപ്പുറം സ്വദേശി ഇഖ്ബാല്‍ എന്നിവര്‍ക്കാണ് മന്ത്രിമാര്‍ സദസ്സില്‍ വെച്ച് തന്നെ പട്ടയം കൈമാറിയത്. അദാലത്തിലെത്തിയ പരാതികളില്‍ പൂര്‍ണമായി പരിഹരിച്ച നടുവിലേടത്ത് ജെയിംസ് മാത്യു, രവീന്ദ്രന്‍, മേരി മാത്യു, ശകുന്തള രാമചന്ദ്രന്‍, എം കെ മോഹനന്‍ എന്നിവര്‍ക്കുള്ള പരിഹാര ഉത്തരവുകള്‍ ഉദ്ഘാടന പരിപാടിയിൽ തന്നെ കൈമാറിയാണ് മന്ത്രിമാര്‍ അദാലത്തിന് തുടക്കമിട്ടത് .
ഓണ്‍ലൈനായി ലഭിച്ചവയില്‍ 193 അപേക്ഷകള്‍ പരിഗണന വിഷയങ്ങളില്‍ ഉള്‍പ്പെടാത്തതും 44 അപേക്ഷകള്‍ നിരസിക്കുകയും ചെയ്തു . 11 എണ്ണത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു . ശേഷിച്ച പരാതികളില്‍ അതിവേഗം നടപടിയെടുക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട് . നേരത്തെ ലഭിച്ച പരാതികള്‍ക്കു പുറമെ അദാലത്ത് വേദിയില്‍ നേരിട്ട് എത്തിയ 83 പരാതികൾ സ്വീകരിച്ചു . ഈ പരാതികള്‍ക്ക് കൈപ്പറ്റു രസീതു നല്‍കിയ ശേഷം പത്തുദിവസത്തിനുള്ളില്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് പരാതിക്കാരനെ അറിയിക്കുമെന്നു മന്ത്രിമാരായ റോഷി അഗസ്റ്റിനും വി.എന്‍. വാസവനും അറിയിച്ചു.